• August 3, 2021

അവാര്‍ഡ് ഉമ്മയ്ക്ക്; നിങ്ങളെന്താകണമെന്ന് നിങ്ങള്‍ തീരുമാനിക്കൂ ലോകം കൂടെയുണ്ടാകും: ഷെയ്ന്‍

 അവാര്‍ഡ് ഉമ്മയ്ക്ക്; നിങ്ങളെന്താകണമെന്ന് നിങ്ങള്‍ തീരുമാനിക്കൂ ലോകം കൂടെയുണ്ടാകും:  ഷെയ്ന്‍

വിവാദങ്ങള്‍ക്കിടയിലും അവാര്‍ഡിന്‌റെ മധുരം നുണഞ്ഞ് ഷെയ്ന്‍ നിഗം. ബിഹൈന്‍ഡ് വുഡ്‌സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമര്‍ശത്തിനുള്ള പുരസ്‌കാരം തമിഴ് നടന്‍ ശിവകാര്‍ത്തികേയനില്‍ നിന്ന് ഷെയ്ന്‍ ഏറ്റുവാങ്ങി. നിറഞ്ഞ കയ്യടികളോടെയാണ് ഷെയ്‌നെ സദസ്സ് സ്വീകരിച്ചത്.
അവാര്‍ഡ് സ്വീകരിച്ച ഷെയ്‌നിന്‌റെ വാക്കുകള്‍ സദസ്സിന്‌റെ ഹൃദയത്തില്‍ തട്ടി. ഷെയ്ന്‍ തമിഴ് പാട്ട് പാടിയും സദസ്സിനെ കൈയ്യിലെടുത്തു.


”എന്റെ ഉമ്മക്കും സഹോദരിമാര്‍ക്കുമായി ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നു. എനിക്കൊപ്പം നിന്നതിന്, തോറ്റുകൊടുക്കാത്തതിന് ഞാന്‍ എന്നോട് തന്നെ നന്ദി പറയുന്നു. എനിക്ക് നിങ്ങളോട് പറയാനുള്ളത്, നിങ്ങള്‍ എന്നും പ്രഥമ പരിഗണന നല്‍കേണ്ടത് നിങ്ങള്‍ക്കാണ്. നിങ്ങളെന്താകണം എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളെന്താകണം എന്ന് തീരുമാനിച്ചാല്‍ അത് നടത്തി തരാന്‍ ഈ ലോകം മുഴുവന്‍ കൂടെ നില്‍ക്കും’ പുഞ്ചിരിയോടെ ഷെയ്ന്‍ പറഞ്ഞു.
‘ഇത് സ്‌നേഹമാണ്. നമ്മള്‍ സംസാരിക്കുമ്പോള്‍, നടക്കുമ്പോള്‍, അഭിനയിക്കുമ്പോള്‍ അങ്ങനെ എന്തുചെയ്യുമ്പോഴും പ്രണയത്തോടെ ചെയ്യുക. പ്രണയമുണ്ടെങ്കില്‍ അതീ ലോകം കാണും.’ ഷെയ്ന്‍ പറഞ്ഞു.പ്രസംഗത്തിന് പിന്നാലെ താരം പാട്ടും പാടി. നിറകൈയ്യടികളോടെയാണ് താരത്തിന്റെ വാക്കുകളും പാട്ടും സദസ് സ്വീകരിച്ചത്.
കുമ്പളങ്ങി നൈറ്റ്‌സിലെയും ഇഷ്ടകിലെയും പ്രകടനത്തിനായിരുന്നു താരത്തിന് പുരസ്‌കാരം ലഭിച്ചത്. പിന്നീട് ഫെയ്‌സ്ബുക്ക് ലൈവിലെത്തിയ ഷെയ്ന്‍ തന്റെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. പരിധിയില്‍ കൂടുതല്‍ സന്തോഷം വരുമ്പോള്‍ അത് പ്രകടിപ്പിക്കാന്‍ പറ്റാത്ത അവസ്ഥ വരുമെന്നും ആ അവസ്ഥയിലാണ് താനെന്നും താരം പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് താന്‍ പങ്കെടുക്കുമെന്നും ഷെയ്ന്‍ അറിയിച്ചു.

Related post