• October 26, 2021

ഇസയുടെ ആദ്യ ക്രിസ്മസ് ആഘോഷമാക്കി ചാക്കോച്ചന്‍

 ഇസയുടെ ആദ്യ ക്രിസ്മസ് ആഘോഷമാക്കി ചാക്കോച്ചന്‍


ഇത്തവണത്തെ ക്രിസ്മസ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഏറെ പ്രിയപ്പെട്ടതാണ്. മറ്റൊന്നുമല്ല ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കണ്മണിയ്‌ക്കൊപ്പമുള്ള ആദ്യത്തെ ക്രിസ്മസ് ആയതുകൊണ്ട് തന്നെ. അതിമനോഹരമായ കുടുംബചിത്രം പങ്കുവച്ചുകൊണ്ടാണ് ചാക്കോച്ചന്‍ ഇക്കുറി ക്രിസ്മസ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
ദൈവം നിങ്ങളോട് കാത്തിരിക്കാന്‍ പറയുമ്പോള്‍ അത് ഏറ്റവും മികച്ചത് നിങ്ങള്‍ക്ക് നല്‍കാനാണ് എന്ന വാചകങ്ങളോടെയാണ് ചാക്കോച്ചന്‍ എല്ലാവര്‍ക്കും സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ക്രിസ്മസ് ആശംസിക്കുന്നത്.


പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതമിപ്പോള്‍. മകന്‍ ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍. ഏപ്രില്‍ 17 നാണ് താന്‍ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്. 42 വയസുകാരനായ കുഞ്ചാക്കോ ബോബന്‍ 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്.


‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” മകനുമായുള്ള ചാക്കോച്ചന്റെ അടുപ്പത്തെ കുറിച്ച് പ്രിയയുടെ വാക്കുകള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും.

Related post