• May 15, 2021

കര്‍ണാടകയിലെ തോല്‍വി ഏറ്റെടുത്ത് സിദ്ധരാമയ്യ രാജിവെച്ചു

 കര്‍ണാടകയിലെ തോല്‍വി ഏറ്റെടുത്ത് സിദ്ധരാമയ്യ രാജിവെച്ചു

കര്‍ണാടക ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു. തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് സിദ്ധരാമയ്യയുടെ രാജി. നിയമസഭാകക്ഷി നേതൃ സ്ഥാനവും അദ്ദേഹം രാജിവച്ചു. കോണ്‍ഗ്രസ് താത്ക്കാലിക അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് സിദ്ധരാമയ്യ രാജിക്കത്ത് കൈമാറി. കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവുവും സ്ഥാനം രാജിവച്ചു.


‘ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആഗ്രഹിച്ച ഫലം നല്‍കാന്‍ കഴിയാത്തതില്‍ ഏറെ ഖേദമുണ്ട്. രാജിവയ്ക്കുക എന്നത് തന്റെ ധാര്‍മിക ഉത്തരവാദിത്തമാണ്, ജനങ്ങളുടെ തീരുമാനം ഞങ്ങള്‍ അംഗീകരിക്കുന്നു. ഒരു പ്രതിപക്ഷ നേതാവെന്ന നിലയില്‍ ജനാധിപത്യത്തിന്റെ ചില അടിസ്ഥാനതത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതായുണ്ട്. പാര്‍ട്ടിക്കു വേണ്ടി കര്‍ണാടക നിയമസഭയില്‍ നിന്ന് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഒഴിയുകയാണ്. സോണിയാ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി. കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവുവിനും കെ. സി. വേണുഗോപാലിനും രാജിക്കത്തിന്റെ കോപ്പി നല്‍കിയിട്ടുണ്ട്’ സിദ്ധരാമയ്യ പറഞ്ഞു.

കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ 12 സീറ്റുകളിലും ബിജെപി വിജയം സ്വന്തമാക്കിയിരുന്നു. രണ്ട് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും സിറ്റിംഗ് സീറ്റുകളിലാണ് ബിജെപി വിജയക്കൊടി പാറിച്ചത്. കഴിഞ്ഞ തവണ വിജയിച്ച 10 സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടമായി. ശിവാജി നഗര്‍ മാത്രമാണ് അവര്‍ക്ക് നിലനിര്‍ത്താന്‍ സാധിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ജനവിധി മാനിക്കുന്നുവെന്നും പരാജയം സമ്മതിക്കുന്നുവെന്നുമുള്ള പ്രതികരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്. ഹുനാസുരു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം 40,000 ത്തോളം വോട്ടുകള്‍ക്കാണ്.


കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ച് നിന്നാലും ബിജെപിയുടെ ശക്തിയെ മറികടക്കാന്‍ സാധിക്കില്ല. ബിജെപി സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തിരിച്ചുപിടിച്ചു. വിധാന്‍ സൗദയില്‍ ബിജെപിയുടെ ഭൂരിപക്ഷം 117 ആയി ഉയര്‍ന്നു. കോണ്‍ഗ്രസിന് 68 സീറ്റും ജെഡിഎസിന് 34 സീറ്റുമാണ് നിയമസഭയില്‍ ഉള്ളത്. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വലിയൊരു രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായിരിക്കുകയാണ്.

Related post