• May 15, 2021

കാട്ടിറച്ചി പാചക വീഡിയോകള്‍ക്കായി മാത്രം ഒരു യു ട്യൂബ് ചാനല്‍ , ലക്ഷങ്ങള്‍ സമ്പാദിച്ച അഡ്മിനും കൂട്ടരും പിടിയില്‍

 കാട്ടിറച്ചി പാചക വീഡിയോകള്‍ക്കായി മാത്രം ഒരു യു ട്യൂബ് ചാനല്‍ , ലക്ഷങ്ങള്‍ സമ്പാദിച്ച അഡ്മിനും കൂട്ടരും പിടിയില്‍

മൃഗങ്ങളെ വേട്ടയാടി ,പാചകം ചെയ്ത് അത് യുട്യൂബിലൂടെ പ്രദര്‍ശിപ്പിച്ച് ലക്ഷങ്ങള്‍ സമ്പാദിച്ച തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍ . വില്ലേജ് ഹണ്ടര്‍ എന്ന യൂട്യൂബ് ചാനലിലൂടെ വേട്ടയാടുന്നതിന്റെയും കാട്ടിറച്ചി പാകം ചെയ്യുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ചാനല്‍ അഡ്മിന്‍ കെ അന്നദുരൈ (37), ഫോട്ടോഗ്രാഫര്‍ എം കാര്‍ത്തിക് (24), നിര്‍മാണത്തൊഴിലാളി അലക്‌സ് പാണ്ഡ്യന്‍ (23), ആര്‍ സുബ്രഹ്മണ്യന്‍ (37) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

യൂട്യൂബില്‍ നിരവധി ആളുകള്‍ കാണുകയും പ്രതിമാസം 1.5 ലക്ഷം രൂപയോളം വരുമാനം ഉണ്ടാക്കുകയും ചെയ്ത ചാനലാണിത്. കാട്ടുപന്നി, സിവെറ്റ്, മുയല്‍, ഇഗ്വാന, പാര്‍ട്രിഡ്ജ്, ഇന്ത്യന്‍ മോണിറ്റര്‍ ലിസാര്‍ഡ്, പ്രാവ് എന്നിവയെ വേട്ടയാടിയതിനും പാചകം ചെയ്ത് കഴിച്ചതിനുമാണ് പ്രതികളെ പോലീസ് പൊക്കിയത്.

ഇത്തരം വീഡിയോകള്‍ വഴി ചാനല്‍ ജനപ്രിയമാവുകയും ഏകദേശം 5.59 ലക്ഷം സബ്‌ക്രൈബര്‍മാരെ ലഭിക്കുകയും ചെയ്തു. ഒരു വീഡിയോയ്ക്ക് 10 ദശലക്ഷം വ്യൂകള്‍ ലഭിച്ചു. ഇതുവഴി വേട്ടക്കാര്‍ പ്രതിമാസം 1.5 ലക്ഷം രൂപയെങ്കിലും സമ്പാദിച്ചിരുന്നു. മൊത്തം 15 ലക്ഷം രൂപയാണ് ഇവര്‍ യൂട്യൂബ് വരുമാനത്തില്‍ നിന്ന് മാത്രം സമ്പാദിച്ചത്. വീഡിയോകള്‍ വൈറലായതോടെ അവ വൈല്‍ഡ്ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ ശ്രദ്ധയില്‍പ്പെട്ടു. വേട്ടയാടുന്ന സ്ഥലമോ , പ്രതികളുടെ മുഖമോ , ശബ്ദമോ കേള്‍ക്കാതെ വളരെ ബുദ്ധിപൂര്‍വ്വമാണ് വീഡിയോകള്‍ ഉണ്ടാക്കിയത്. എന്നാല്‍ ഒരു വീഡിയോയില്‍ തമിഴ് അക്ഷരങ്ങള്‍ എഴുതിയ മുളകുപൊടി പാക്കറ്റ് കണ്ടതിനെത്തുടര്‍ന്നാണ് പ്രതികള്‍ തമിഴ്‌നാട് സ്വദേശികളാണെന്ന മനസ്സിലായത. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തുകയായിരുന്നു.

Related post