• October 28, 2021

കാണികള്‍ക്ക് പ്രവേശനമില്ല ,ഐ.എസ്.എല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കും

 കാണികള്‍ക്ക് പ്രവേശനമില്ല ,ഐ.എസ്.എല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കും


പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് ഐ.എസ്.എല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കും. ഐ.എസ്.എല്ലില്‍ സീസണിലെ നാല്‍പതാം മത്സരമാണ് അടച്ചിട്ട സ്റ്റേഡിയത്തിനുള്ളില്‍ നടക്കുക. ഇക്കാര്യം ഐ.എസ്.എല്‍ അധികൃതര്‍ തന്നെയാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. കളി നടക്കുന്ന ഗുവാഹത്തി അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ പൗരത്വബില്ലിനെതിരെ പ്രക്ഷോഭം ശക്തമാണ്. കാണികളുടെ സുരക്ഷ കണക്കിലെടുത്ത് ഗുവാഹത്തി ഭരണകൂടത്തിന്റെ കൂടി നിര്‍ദേശം പരിഗണിച്ചാണ് ഈ തീരുമാനം.

കഴിഞ്ഞ ആഴ്ച്ചയില്‍ ഗുവാഹത്തിയില്‍ നടക്കേണ്ട ഐ.എസ്.എല്‍ മത്സരം അക്രമസാധ്യത പരിഗണിച്ച് മാറ്റിവെച്ചിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ചെന്നൈയിന്‍ എഫ്.സിയുമായുള്ള ഹോം മാച്ചാണ് മാറ്റിവെച്ചത്. നേരത്തെ ഒക്ടോബര്‍ 12ന് നിശ്ചയിച്ചിരുന്ന രഞ്ജി ട്രോഫി മത്സരവും ഗുവാഹത്തിയില്‍ കര്‍ഫ്യൂവിനെ തുടര്‍ന്ന് മാറ്റിയിരുന്നു.

പൗരത്വബില്ലിനെതിരെ രൂക്ഷമായ പ്രക്ഷോഭം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് അസം. ഡിസംബര്‍ 11 രാത്രി മുതല്‍ അസമില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള കവാടമായ അസമില്‍ കര്‍ഫ്യൂവിനിടയിലും സമാധാനപരമായ പ്രക്ഷോഭങ്ങള്‍ തുടരുകയാണ്.

Related post