• June 15, 2021

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് 52 പേര്‍ കൂടെ മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്നലെ 52 പേര്‍ മരിച്ചു. ഇതോടെ ഗള്‍ഫിലെ കോവിഡ് ബാധിത മരണം 1513 ആയി. ഏഴായിരത്തിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം രണ്ട് ലക്ഷത്തി എണ്‍പത്തി ഏഴായിരം കടന്നു.

മരണസംഖ്യയും രോഗികളുടെ എണ്ണവും കുതിക്കുകയാണ് ഗള്‍ഫില്‍. ഇന്നലെ സൗദി അറേബ്യയിലാണ് കൂടുതല്‍ മരണം- 37. ഖത്തറില്‍ അഞ്ചും കുവൈത്തില്‍ നാലും മരണം. യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

രോഗവ്യാപനവും മാറ്റമില്ലാതെ തുടരുകയാണ്. സൗദിയില്‍ മാത്രം 3288 ആണ് പുതിയ രോഗികളുടെ എണ്ണം. ഖത്തറില്‍ ഇത് 1721 ആണ്. ഒമാനില്‍ 712ഉം കുവൈത്തില്‍ 630ഉം യു.എ.ഇയില്‍ 528ഉം ബഹ്‌റൈനില്‍ 314ഉം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

നാലായിരത്തിലേറെ പേര്‍ക്കാണ് ഇന്നലെ മാത്രം രോഗവിമുക്തി. ഇതോടെ ഗള്‍ഫില്‍ രോഗം ഭേദപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പത്തി മൂവായിരം കവിഞ്ഞു.

അതേസമയം അത്യാസന്ന നിലയിലുള്ളവരുടെ എണ്ണം 2500നും മുകളിലാണ്. സൗദിയില്‍ മാത്രം 1686 പേരാണ് അത്യാസന്ന നിലയില്‍ ആശുപത്രിയിലുള്ളത്. അബൂദബിയില്‍ നിയന്ത്രണം നീട്ടി. ഖത്തറില്‍ ജൂണ്‍ 15 മുതല്‍ നാല് ഘട്ടങ്ങളിലായി വിലക്കുകള്‍ പിന്‍വലിക്കും.

Related post