• July 28, 2021

ജാര്‍ഖണ്ഡിലെ പുതിയ മന്ത്രിസഭ നാളെ നിലവില്‍ വരും ,ഹേമന്ത് സോറന്‍ മുഖ്യമന്ത്രി

 ജാര്‍ഖണ്ഡിലെ പുതിയ മന്ത്രിസഭ നാളെ നിലവില്‍ വരും ,ഹേമന്ത് സോറന്‍ മുഖ്യമന്ത്രി

ജാര്‍ഖണ്ഡിന്റെ ഏഴാമത്തെ മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചടങ്ങിന് മുന്നോടിയായി ജെഎംഎം-കോണ്‍ഗ്രസ്-രാഷ്ട്രീയ ജനതാദള്‍ മഹാസഖ്യത്തിന്റെ നേതൃത്വത്തില്‍ മന്ത്രിസ്ഥാന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ജെഎംഎമ്മില്‍ നിന്ന് 6 മന്ത്രിമാരും കോണ്‍ഗ്രസില്‍ നിന്ന് നാലും ആര്‍ജെഡിക്ക് ഒരു മന്ത്രിയുമാണ് ഉണ്ടാകുക.നിയമസഭ സ്പീക്കര്‍ പദവി കോണ്‍ഗ്രസിന് നല്‍കാനാണ് സാധ്യത അല്ലെങ്കില്‍ പകരമായി ഒരു മന്ത്രി പദവികൂടി കോണ്‍ഗ്രസിന് നല്‍കിയേക്കും.

81 അംഗ നിയമസഭയില്‍ ജെഎംഎമ്മിന് 30 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് 16 എംഎല്‍എമാരും ആര്‍ജെഡിക്ക് ഒരു അംഗവുമുണ്ട്. മുഖ്യമന്ത്രി സോറനെ കൂടാതെ കോണ്‍ഗ്രസ്, ആര്‍ജെഡി എന്നിവിടങ്ങളില്‍ നിന്ന് ഒരോ മന്ത്രിമാര്‍ വീതം സത്യപ്രതിജ്ഞ ചെയ്യുമെന്ന് കോണ്‍ഗ്രസ്, ജെഎംഎം വൃത്തങ്ങള്‍ അറിയിച്ചു. നിയമസഭയിലെ വിശ്വാസ പ്രമേയത്തിന് ശേഷം മന്ത്രിസഭയില്‍ കൂടുതല്‍ വിപുലീകരണം ഉണ്ടാകും.

സോറന്‍ മന്ത്രിസഭയിലെ നാല് മന്ത്രിമാരെ കോണ്‍ഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ ആലംഗിര്‍ ആലം, സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ രാമേശ്വര്‍ ഒറാവോണ്‍, രാജേന്ദ്ര പ്രസാദ് സിംഗ് എന്നിവരാണ് സ്ഥിരീകരിച്ച മൂന്ന് പേരുകള്‍. പാര്‍ട്ടിയുടെ നാലാം മന്ത്രിയായി ഒരു വനിതാ അംഗത്തെ പരിഗണിക്കുന്നുണ്ട്. നിലവില്‍ 4 വനിതാ എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്.

ചത്രയില്‍ നിന്നുള്ള ഏക ആര്‍ജെഡി എംഎല്‍എ സത്യാനന്ദ് ഭോഗ്തയും പുതിയ മന്ത്രിസഭയുടെ ഭാഗമാകും. മുതിര്‍ന്ന നേതാക്കളായ സ്റ്റീഫന്‍ മറാണ്ടി, ചമ്പായ് സോറന്‍, ഗര്‍വ എംഎല്‍എ മിഥിലേഷ് താക്കൂര്‍, ജോബ മാജി, ജഗര്‍നാഥ് മഹ്തോ എന്നിവരാണ് ജെഎംഎമ്മിലെ മന്ത്രിമാര്‍.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ ധനമന്ത്രി പി ചിദംബരം, എന്‍സിപി മേധാവി ശരദ് പവാര്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, എസ്പി മേധാവി അഖിലേഷ് യാദവ്, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി, കമല്‍നാഥ്, ഭൂപേഷ് ബാഗല്‍, അശോക് ഗെഹ്ലോട്ട്, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്രിവാള്‍ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കില്ല.

Related post