• May 15, 2021

ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ , ജാമിയ മിലിയ വിദ്യാര്‍ഥികള്‍ ഇന്ന് യുപി ഭവന്‍ ഉപരോധിക്കും

 ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ , ജാമിയ മിലിയ വിദ്യാര്‍ഥികള്‍ ഇന്ന്  യുപി ഭവന്‍ ഉപരോധിക്കും

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ശക്തമായോടെ ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലംപൂരിലും ജഫ്രാബാദിലും ചാണക്യപുരിയിലെ യു പി ഭവനിലുമാണ് നിരോധനാജ്ഞയുള്ളത്. ജാമിയ മിലിയ വിദ്യാര്‍ഥികളുടെ ഉപരോധസമരം കണക്കിലെടുത്താണ് മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യപിച്ചത്.

ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗ മറ്റ് നഗരങ്ങളായ ഗാസിയാബാദ്, മീററ്റ്, കാണ്‍പൂര്‍,മധുര, അലിഗഢ്, ആഗ്ര, മധുര തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷമേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തും.പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ യോഗി സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഇന്ന് ജാമിയ മില്ലിയ വിദ്യാര്‍ത്ഥികള്‍ യുപി ഭവന്‍ നിരോധിക്കും. പൗരത്വഭേദഗതി നിയമത്തിനെതിരായി തെരുവിലിറങ്ങിയവരെ വെടിയുണ്ട കൊണ്ട് നേരിട്ട ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ യുപി ഭവന്‍ ഉപരോധിക്കുന്നത്.

യുപി പൊലീസ് സമരത്തിന് അനുമതി നല്‍കിയിട്ടില്ലെങ്കിലും മൂന്ന് മണിക്ക് യുപി ഭവന്‍ ഉപരോധിക്കുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വാരണാസിയിലെ എട്ട് വയസുകാരന്‍ ഉള്‍പ്പെടെ 20 പേരാണ് പൗരത്വ പ്രതിഷേധത്തില്‍ ഇതുവരെ യുപിയില്‍ മരിച്ചത്. പ്രതിഷേധിച്ച 1113 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 5558 പേര്‍ കരുതല്‍ തടങ്കലിലാണ്. പ്രതിഷേധക്കാരെ തോക്ക് കൊണ്ട് നേരിടുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെയ്ക്കണമെന്നും ജാമിയ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. ജാമിയ മിലിയയിലെ പൊലീസ് നടപടിയില്‍ അന്വേഷണം വേണമെന്ന ഉറച്ച നിലപാടിലാണ് സര്‍വ്വകലാശാലയും. യുപി ഭവന്‍ ഉപരോധിക്കുന്ന ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് ഡിവൈഎഫ്ഐ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Related post