• June 23, 2021

ഗൗരി എന്ന പെണ്‍കരുത്ത്

 ഗൗരി എന്ന പെണ്‍കരുത്ത്

‘കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടു നിന്നാല്‍ അവള്‍ ഭദ്രകാളി,
ഇതു കേട്ടു കൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റി വന്നു…’
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഗൗരി എന്ന കവിതയിലെ വരികളാണിത്.

അതേ, ഗൗരി അമ്മ എന്ന ഉരുക്ക് വനിത പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും ത്യാഗവും അര്‍പ്പണമനോഭാവവും മനക്കരുത്തും ലാളിത്യവും ആര്‍ദ്രതയും നിറഞ്ഞ പകരം വെക്കാനില്ലാത്ത അപൂര്‍വ വ്യക്തിത്വമാണ്. പ്രായം തളര്‍ത്താത്ത വിപ്ലവ വീര്യവുമായി ഇന്ന് ഗൗരി അമ്മക്ക് 102 ാം പിറന്നാള്‍. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി തന്നാലാവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്ന ഗൗരിയമ്മ, സ്ത്രീ ഇന്നും ചൂഷണവിധേയയും അരക്ഷിതയുമാണെന്ന് കൃത്യമായി നിരീക്ഷിക്കുന്നു. രാഷ്ട്രീയം, സേവനമാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം തറപ്പിച്ചുപറയുന്നതിലൂടെ ഈ ജനനേതാവിന്റെ ഉയര്‍ന്ന മൂല്യബോധവും നന്മയും പ്രകാശിക്കുന്നു.

‘കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്‍. ഗൗരി ഭരിക്കട്ടെ…’ ഈ രണ്ടു വരികള്‍ ഒരു കാലത്ത് കേരള ജനതയുടെ നാവില്‍ തത്തിക്കളിച്ചിരുന്ന വരികളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യമായി കേരളത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ ദമ്പതിമാരായ കെ.ആര്‍. ഗൗരിയമ്മയും ടി.വി. തോമസും ഒരേ മന്ത്രിസഭയില്‍ മന്ത്രിമാരായി. 1919 ജൂലായ് 14 ന് ചേര്‍ത്തലയില്‍ ചാത്തനാട്ട് കെ എ രാമന്റെയും പാര്‍വതി അമ്മയുടെയും മകളായി ജനിച്ച ഗൗരി അമ്മക്ക് ഇപ്പോള്‍ വാര്‍ദ്ധക്യത്തിന്റെ അവശതയാണെങ്കിലും പതിറ്റാണ്ടുകള്‍ പിന്നിട്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇന്നും അവധി നല്‍കിയിട്ടില്ല. അനുദിനം നടക്കുന്ന സംഭവ വികാസങ്ങളെ ഇപ്പോഴും കൃത്യമായി നിരീക്ഷിക്കുന്നുണ്ട് ഗൗരി അമ്മ. ആദര്‍ശരാഷ്ട്രീയത്തിന്റെ ആഴപ്പരപ്പില്‍ ആടിയുലയാതെ ഇപ്പോഴും തല ഉയര്‍ത്തി ആ പെണ്‍മുഖം രാഷ്ട്രീയ നിരീക്ഷണം നടത്തുന്നു.

ഗൗരി അമ്മ ജനറല്‍ സെക്രട്ടറി ആയിരിക്കുന്ന ജെ.എസ്.എസ്. പാര്‍ട്ടിക്കുള്ളില്‍ നടന്ന സംഭവം അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടും കര്‍ക്കശ്യവും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്നതിന് തെളിവാണ്. പാര്‍ട്ടിയുടെ സംസ്ഥാന തല ഭാരവാഹികളുടെ യോഗത്തില്‍ രണ്ട് തീരുമാനങ്ങള്‍ എടുക്കുന്നു. ആദ്യത്തേത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരം. മറ്റൊന്ന് പാര്‍ട്ടിയിലെ നാല് നേതാക്കളെ പുറത്താക്കിയുള്ള നടപടി. എന്നാല്‍ ചൂടാറും മുമ്പ് ആ തീരുമാനങ്ങള്‍ ഗൗരി അമ്മ തിരുത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം നില്‍ക്കുന്ന തന്റെ പാര്‍ട്ടി ഇടതു സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നത് പരസ്യമായി തള്ളി പറഞ്ഞ തീരുമാനം പ്രായത്തെ തോല്‍പ്പിച്ച വിപ്ലനായികയുടെ മറ്റൊരു കരുത്തുറ്റ തീരുമാനമായിരുന്നു.

‘നിങ്ങളെപ്പോലെ തന്നെയാണ് ഞാനും. എനിക്ക് ആരുമില്ല. ഞാന്‍ അനാഥയാണ്. സര്‍ക്കാര്‍ അനുവദിച്ച ഒരു ഗണ്‍മാന്റെ കൂട്ടാണ് എനിക്ക് ആകെയുള്ളത്…’ സ്ത്രീ വിവേചനത്തോടും അനീതിയോടും പടപൊരുതിയ ഒരു പെണ്‍പോരാളിയുടെ വാക്കുകളാണിത്. ആലപ്പുഴയിലെ വൃദ്ധസദനം സന്ദര്‍ശിച്ചപ്പോള്‍ ആ പോരാളിയുടെ ഉള്ളിലെ ഒറ്റപ്പെടലിന്റെ വേദന നിറഞ്ഞ വാക്കുകള്‍. ഒരു കാലത്ത് സി പി എമ്മിലെ സമുന്നത നേതാവായിരുന്ന മന്ത്രിയായിരുന്ന കെ ആര്‍ ഗൗരി അമ്മ, രണ്ട് തവണ ഗര്‍ഭം ധരിച്ചിട്ടുണ്ട്. എന്നാല്‍ വിധി അത് തട്ടിക്കളയുകയാണ് ഉണ്ടായത്.

പൊലീസ് സേനയിലും നഴ്‌സുമാരിലും നിലനിന്നിരുന്ന സ്ത്രീവിവാഹ വിലക്ക് അവസാനിപ്പിക്കാനും സ്ത്രീകള്‍ക്ക് പ്രധാന അധ്യാപികമരാവാന്‍ കഴിയാതിരുന്ന പുരുഷാധ്യാപക മേല്‍ക്കോയ്മക്ക് അറുതിവരുത്താനും പൊതുരംഗത്തു സ്ത്രീസാന്നിധ്യം ഉറപ്പാക്കാനും കരുത്ത് പകര്‍ന്നത് വനിതാമന്ത്രിയെന്നനിലയ്ക്ക് ഗൗരിയമ്മ കേരളത്തിനു സമര്‍പ്പിച്ച സംഭാവനകളാണ്. പൊതുരംഗത്ത് സ്ത്രീ മുന്നേറ്റമുണ്ടായെങ്കിലും സുരക്ഷിതരല്ലെന്നും സ്ത്രീവേഷം കെട്ടിയാല്‍പ്പോലും പീഡനമേല്‍ക്കുന്ന കാലമാണെന്നും പദവികള്‍കൊണ്ട് ഇന്ന് സ്ത്രീകള്‍ ശക്തരാണെങ്കിലും സമൂഹത്തില്‍ സ്ത്രീകളിന്നും അശക്തരാണെന്നും രാഷ്ട്രീയം ജനസേവനമാണെന്നും അതിനു കഴിയാത്തവര്‍ കച്ചവടത്തിനു തുനിയണമെന്നും ചങ്കുറപ്പോടെ പറഞ്ഞത് കേരളത്തിന്റെ ഈ ഉരുക്കുവനിതയാണ്. അഭിപ്രായവ്യത്യസങ്ങള്‍പോലും മുഖംനോക്കാതെ പറയുന്ന ഈ മുത്തശ്ശി വഴിവിളക്കായി ഇന്നും നമ്മോടൊപ്പമുണ്ടെന്നത് കരുത്ത്. പൊതുപ്രവര്‍ത്തകര്‍ക്ക് എപ്പോഴും മാതൃകയാക്കാവുന്നതാണ് ഒരു പ്രതിസന്ധിഘട്ടത്തിലും തളരാതെ നിലകൊണ്ട ഈ വിപ്ലവകാരിയെ.

Related post