• October 28, 2021

166 തൊഴിലാളികളെ പിരിച്ചുവിട്ട് മുത്തൂറ്റ്

 166 തൊഴിലാളികളെ പിരിച്ചുവിട്ട് മുത്തൂറ്റ്

സംസ്ഥാനത്തെ 43 ശാഖകളില്‍ നിന്ന് 166 പേരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട് മുത്തൂറ്റിന്‌റെ പ്രതികാര നടപടി. ശനിയാഴ്ച്ച വൈകിട്ടാണ് ജീവനക്കാരെ പുറത്താക്കിയതായി ഇ മെയില്‍ വഴി അറിയിപ്പ് ലഭിച്ചത്. അതോടൊപ്പം തന്നെ ജോലി ചെയ്ത കാലയളവിലെ നഷ്ടപരിഹാര തുകയും ഇവരുടെ അക്കൗണ്ടിലേക്ക് നല്‍കി.
മാനേജ്‌മെന്‌റുമായുണ്ടാക്കിയ സേവന-വേതന കരാര്‍ നടപ്പാക്കത്തതിനെ തുടര്‍ന്ന് സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ സമരം വിജയിച്ച് രണ്ടുമാസം തികയുമ്പോഴാണ് മാനേജ്‌മെന്‌റിന്‌റെ പ്രതികാര നടപടി.
അഗസ്റ്റ് 20 മുതല്‍ 52 ദിവസം മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ പണി മുടക്കിയിരുന്നു. സംസ്ഥാനത്താകെ 611 ശാഖകളിലും 11 റീജണല്‍ ഓഫീസുകളിലുമുള്ള 1800 ജീവനക്കാരാണ് സമരത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് വേതന വര്‍ധനവെന്ന ആവശ്യം മാനേജ്‌മെന്‌റ് അംഗീകരിക്കുകയായിരുന്നു. നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കാനും തീരുമാനിച്ചിരുന്നു. മാനേജ്‌മെന്‌റ് അത് അംഗീകരിക്കാമെന്ന് സമ്മതിച്ചതിന്‌റെ ഭാഗമായാണ് തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചത്.
സമരത്തില്‍ സജീവമായി നേതൃത്വം കൊടുത്ത തൊഴിലാളി നേതാക്കളെ തെരെഞ്ഞുപിടിച്ചാണ് പുറത്താക്കിയത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് അസോസിയേഷന്‍ (സിഐടിയു) മുത്തുറ്റ് ഫിനാന്‍സ് യൂണിറ്റ് സംസഥാന കമ്മിറ്റി അറിയിച്ചു. ചൊവ്വാഴ്ച്ച ഹെഡ് ഓഫീസിനു മുന്നിലും തുടര്‍ന്ന് വിവിധ റീജണല്‍ ഓഫീസിനു മുന്നിലും ധര്‍ണ നടത്തും. ജനുവരി രണ്ട് മുതല്‍ സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു.

Related post