• July 27, 2021

2020 ലെ നിറം ക്ലാസിക് ബ്ലൂ

 2020 ലെ നിറം ക്ലാസിക് ബ്ലൂ


പുതുവര്‍ഷത്തിന്റെ പുതുനിറമായി പാന്റോണ്‍ ഇക്കുറി തിരഞ്ഞെടുത്തത് ക്ലാസിക് ബ്ലൂ. അതേ, പ്രതീക്ഷയുടെ, നിലനില്‍പ്പിന്റെ, ശാന്തനീലിമയാണ് ഇക്കാലത്തിന്റെ ആവശ്യവും. ലോകമെമ്പാടും അസമത്വവും അസ്വസ്ഥതകളും എതിര്‍പ്പും വെറുപ്പും നിറയുമ്പോള്‍ ദിവസങ്ങള്‍ക്കകലെയെത്തുന്ന പുതുവര്‍ഷത്തിന് ആശിക്കാനെന്തുണ്ട്? ഭാവിയെക്കുറിച്ചുള്ള ആശങ്കയുടെ ഇരുളിനു മീതെ പ്രതീക്ഷയുടെ ആകാശനീലിമ കണ്ടെത്താന്‍ ഒരുങ്ങുകയാണ് ഫാഷന്‍ ലോകം.കഴിഞ്ഞയാഴ്ച പാന്റോണ്‍ പുതുവര്‍ഷ നിറം പ്രഖ്യാപിച്ചപ്പോള്‍ കുറെപ്പേരെങ്കിലും നീലയുടെ തിരഞ്ഞെടുപ്പ് വിമര്‍ശിച്ചു. 20 വര്‍ഷം മുമ്പ് മിലനിയം നിറമായി പാന്റോണ്‍ കണ്ടെത്തിയതും നീലയാണ്. അന്ന് സെറൂലിയന്‍ ബ്ലൂ (ഇലൃൗഹലമി ആഹൗല) തിരഞ്ഞെടുത്ത കമ്പനിക്ക് ഇക്കുറി പുതുമയൊന്നും കണ്ടെത്താനായില്ല എന്നായിരുന്നു അവരുടെ വാദം.

കഴിഞ്ഞവര്‍ഷത്തെ നിറം ‘ലിവിങ് കോറല്‍’ പരിഗണിച്ചാലും ഇക്കുറി അതിനു ചേരുന്ന വ്യത്യസ്തയില്ലെന്ന് ഏറെപ്പേര്‍ക്കും തോന്നി.പക്ഷേ പാന്റോണ്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ലിയാട്രിസ് ഈസ്മാന്‍ വ്യക്തമാക്കുന്നു ”ചുറ്റുമുള്ള ലോകത്തേക്ക് കണ്ണോടിച്ചാല്‍ അറിയാം, നമ്മളിപ്പോള്‍ ജീവിക്കുന്നത് ഒട്ടേറെ സമാധാനമില്ലായ്മകളുടെ ഇടയിലാണ്. ചില ദിവസങ്ങളില്‍ നമ്മുടെ സുരക്ഷയെക്കുറിച്ചു പോലും ആശങ്ക തോന്നും. സുരക്ഷതിത്വമില്ലായ്മ തോന്നും. വൈകാരികമായും മാനസികമായും നീല നിറം പ്രതിനിധീകരിക്കുന്നത് ശാന്തതയും ആശ്രയത്വവുമാണ്”2020 ക്ലാസിക് നീലയെ മറ്റു നീല നിറങ്ങളുമായി വേര്‍തിരിച്ചു കാണണം.

നേവി ബ്ലൂ ആണെന്നോ പാന്റോണിന്റെ തന്നെ 2010 ടര്‍ക്വെസ് ബ്ലൂ, 2008ബ്ലൂ ഐറിസ്, 2000 സെറൂലിയന്‍ ബ്ലൂ ആണെന്നോ തെറ്റിദ്ധരിക്കരുതെന്ന് കമ്പനി പറയുന്നു.ജെന്‍ഡര്‍ വേര്‍തിരിവില്ലാത്ത, സീസണല്‍ വകഭേദങ്ങളില്ലാത്ത നിറമെന്നു കൂടി നീലയെ വിശേഷിപ്പിക്കാം. ഈ ഇന്‍ഡിഗോ ഷേഡ്, പ്രകൃതിദത്തമായും ഉത്പാദിപ്പിക്കാമെന്നത് സുസ്ഥിര ഫാഷന്‍ മൂവ്‌മെന്റിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇനി ഇന്റീരിയര്‍, ബ്യൂട്ടി, ആര്‍ട്, ആര്‍ക്കിടെക്ചര്‍ തുടങ്ങിയ വിഭാഗങ്ങളിലും നീല നിറയുന്ന കാലം. 2020ന്റെ ക്ലാസിക് ബ്ലൂ നമുക്കു സമ്മാനിക്കുക ആത്മവിശ്വാസവും സുസ്ഥിരതയും ആകുമെന്ന് പ്രത്യാശിക്കുന്നു, ഫാഷന്‍ ലോകം.

Related post