• October 21, 2021

കൊവിഡ് 19: റബ്ബര്‍ വിപണിയില്‍ ഒരാഴ്ചത്തെ നഷ്ടം 400 കോടി

 കൊവിഡ് 19: റബ്ബര്‍ വിപണിയില്‍ ഒരാഴ്ചത്തെ നഷ്ടം 400 കോടി

കൊറോണബാധയില്‍ മാര്‍ക്കറ്റ് നിശ്ചലമായതോടെ റബ്ബര്‍ വിപണിയില്‍ ഒരാഴ്ചത്തെ നഷ്ടം 400 കോടി. 4500 വ്യാപാരികളുടെ ചരക്കാണ് കെട്ടിക്കിടക്കുന്നത്. ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുത്താണ് വ്യാപാരികള്‍ കച്ചവടം നടത്തുന്നത്. ഇതിന്റെ പലിശയിനത്തിലും വലിയ നഷ്ടമാണ് വരിക. ടയര്‍ കമ്പനികള്‍ ചരക്കെടുപ്പ് നിര്‍ത്തിവെച്ചിട്ട് രണ്ടാഴ്ച പിന്നിടുകയുംചെയ്തു. ചരക്കും ഭൂമിയും ഈടുവെച്ചാണ് വ്യാപാരികള്‍ക്ക് ഓവര്‍ഡ്രാഫ്റ്റ് തുക അനുവദിക്കുന്നത്. ചരക്ക് വിറ്റുകിട്ടുന്ന പണം തവണകളായി അടച്ചുതീര്‍ക്കാം. ബാക്കിനില്‍ക്കുന്ന തുകയ്ക്കുമാത്രമാണ് പലിശ നല്‍കേണ്ടത്. വ്യാപാരം മുടങ്ങിയതോടെ തിരിച്ചടവും മുടങ്ങി. പലിശയും തിരിച്ചടവ് മുതലുംകൂടി ബാധ്യതയായി. സാമ്പത്തികവര്‍ഷം അവസാനിക്കേ, ഓവര്‍ഡ്രാഫ്റ്റ് പുതുക്കിനല്‍കുന്നതിലും തീരുമാനമെടുക്കേണ്ടതുണ്ട്.

വില മെച്ചപ്പെട്ടുവന്നതിനാല്‍ റബ്ബറെടുത്തത് ചെറുകിടക്കാര്‍മുതലുള്ള വ്യാപാരികളുടെ ഗോഡൗണില്‍ കിടക്കുകയാണ്. ശരാശരി 50 ടണ്‍വരെ ഓരോ വ്യാപാരിയും എടുത്തുവെച്ചിട്ടുണ്ട്. വ്യാപാരം അടച്ചെങ്കിലും മേഖലയില്‍ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഇപ്പോഴും താമസിക്കുന്നുണ്ട്. അവരുടെ ചെലവടക്കം മിനിമംകൂലി നല്‍കേണ്ടതുണ്ട്.ഇപ്പോഴും ടാപ്പിങ്ങ് തുടരുന്ന കൃഷിക്കാരും പ്രശ്‌നത്തിലാണ്. കടകള്‍ അടഞ്ഞതോടെ ഷീറ്റ് അവരുടെ കൈയില്‍ത്തന്നെ ഇരിക്കുകയാണ്. ആഴ്ചതോറും ഷീറ്റ് വിറ്റ വരുമാനംകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നവര്‍ ലോക്ഡൗണ്‍ വന്നതോടെ പ്രശ്‌നത്തിലായി. ഈ ചരക്കുകൂടി ഒന്നിച്ച് വിപണിയിലെത്തുമ്പോള്‍ വില താഴുമോയെന്ന പേടിയും അവര്‍ക്കുണ്ട്.

Related post