• July 31, 2021

ജമാല്‍ ഖഷോഗി വധം; അഞ്ച് പേര്‍ക്ക് വധശിക്ഷ

 ജമാല്‍ ഖഷോഗി വധം; അഞ്ച് പേര്‍ക്ക് വധശിക്ഷ

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധിക്കപ്പെട്ട കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ. മൂന്നു പേര്‍ക്ക് 24 വര്‍ഷത്തെ തടവും ലഭിച്ചു. സൗദി കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത അഞ്ചുപേര്‍ക്കാണ് വധശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രസ്താവനയില്‍ പറഞ്ഞു. 2018 ഒക്ടോബര്‍ രണ്ടിനാണ് സൗദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്തംബുളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടത്. മൃതദേഹം എന്തു ചെയ്‌തെന്നു വ്യക്തമല്ല.

സംഭവത്തില്‍ 11 പേര്‍ അറസ്റ്റിലായിരുന്നു. വിഷം കുത്തിവച്ച് കൊലപ്പെടുത്തിയെന്നും ശരീരം കഷണങ്ങളായി മുറിച്ച് കോണ്‍സുലേറ്റ് കെട്ടിടത്തിനു പുറത്തെത്തിക്കുകയായിരുന്നെന്നും സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. തുര്‍ക്കി സ്വദേശിയായ ഏജന്റിനാണ് ഇത് കൈമാറിയത് എന്നാണ് നിഗമനം. വിവാഹ രേഖ കൈപ്പറ്റാന്‍ കോണ്‍സുലേറ്റില്‍ എത്തിയപ്പോഴായിരുന്നു കൊലപാതകം. മുന്‍വിവാഹം അസാധുവാക്കാനും തുര്‍ക്കി സ്വദേശിനിയായ കാമുകി ഹാറ്റിസ് സെന്‍ജിസുമായുള്ള വിവാഹത്തിനുള്ള രേഖകള്‍

ശരിയാക്കാനുമാണ് ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയത്. എന്നാല്‍, ഹാറ്റിസിന് കോണ്‍സുലേറ്റിനുള്ളിലേക്കു പ്രവേശനം നല്‍കിയില്ല. ഫോണും അനുവദിച്ചില്ല. 11 മണിക്കൂര്‍ കാത്തിരുന്നിട്ടും ഖഷോഗിയെ കാണാതായതിനെ തുടര്‍ന്നു ഹാറ്റിസ് പരാതി നല്‍കിയതോടെയാണ് ഖഷോഗിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. സൗദിയിലെ ‘അല്‍ വതന്‍’ ദിനപത്രത്തിന്റെ മുന്‍ എഡിറ്ററായിരുന്നു ഖഷോഗി. ഭരണകൂടത്തിന്റെ വിശ്വസ്തനെന്നു നേരത്തെ അറിയപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് രാജകുടുംബവുമായി തെറ്റി. സൗദി ഭരണത്തെ എതിര്‍ത്തതിനു നടപടികള്‍ ആരംഭിച്ചതിനെ തുടര്‍ന്നു യുഎസിലേക്കു താമസം മാറി. വാഷിങ്ടന്‍ പോസ്റ്റില്‍ ഗള്‍ഫ് മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ചു പ്രതിവാര ലേഖനങ്ങള്‍ എഴുതിയിരുന്നു

യെമന്‍ യുദ്ധം, രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ്, വിമര്‍ശകരെ അടിച്ചമര്‍ത്തുന്ന രീതി, വനിതാ പ്രവര്‍ത്തകരെ ജയിലില്‍ അടച്ചതിനെതിരെ പ്രതികരിച്ച കാനഡയോടു സ്വീകരിച്ച സമീപനം, ഖത്തര്‍ ഉപരോധം തുടങ്ങിയ വിഷയങ്ങളില്‍ സൗദിക്കെതിരെ ഖഷോഗി വിമര്‍ശനം നടത്തിയിരുന്നു.

Related post