• October 17, 2021

പ്രതിസന്ധി നീങ്ങി, ആടുജീവിതം വീണ്ടും ആരംഭിച്ചു

 പ്രതിസന്ധി നീങ്ങി, ആടുജീവിതം വീണ്ടും ആരംഭിച്ചു

ആടു ജീവിതം സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചു. സിനിമയുടെ ചിത്രീകരണത്തിന് ജോര്‍ദാനിലെത്തിയ ബ്ലെസിയും സംഘവും കൊറോണ പ്രതിസന്ധിയില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലൂടെയാണ് ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചത്. ഇതു സംബന്ധിച്ച് ആന്റോ ആന്റണി എംപിയെ ബ്ലെസി വിളിച്ചിരുന്നു. തുടര്‍ന്ന് ആന്റോ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെടുകയും അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയുമായിരുന്നു.

പൃഥ്വിരാജ് ഉള്‍പ്പെടെ 58 പേരടങ്ങുന്ന സംഘമാണ് ജോര്‍ദാന്‍ ഗവണ്‍മെന്റിന്റെ അനുമതിയോടെ വാദിറം മരുഭൂമിയില്‍ ചിത്രീകരണം നടത്തിയിരുന്നത്. ആദ്യഘട്ടം പദ്ധതിയനുസരിച്ചു തന്നെ നീങ്ങി. എന്നാല്‍ ജോര്‍ദാനിലും കോവിഡ് സ്ഥിരീകരിച്ചതോടെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇതോടെ സംഘം വാദിറം മരുഭൂമിയിലെ അല്‍സുത്താന്‍ ക്യാംപ് വിട്ടു പുറത്തുപോകാന്‍ കഴിയാത്ത സ്ഥിതിയിലായി. ക്യാംപില്‍ ഏതാനും ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ കൂടിയേ അവശേഷിച്ചിരുന്നുള്ളൂ. തുടര്‍ന്നാണ് ബ്ലെസി സഹായം തേടി ആന്റോ ആന്റണിയെ ബന്ധപ്പെട്ടത്. അദ്ദേഹം മന്ത്രിയെ ബന്ധപ്പെടുകയും തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം ജോര്‍ദാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ ജോണ്‍ സെബാസ്റ്റ്യനെ ചുമതലപ്പെടുത്തുകയും ചെയ്തു.

അദ്ദേഹം ഇടപെട്ടതിനെത്തുടര്‍ന്ന് ഏപ്രില്‍ 10 വരെ ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചു. ജോര്‍ദാനിലുള്ള പ്രാദേശിക സിനിമാ നിര്‍മാണ കമ്പനിയും ഇടപെട്ട് ക്യാംപിലേക്കുള്ള ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.

Related post