• May 13, 2021

ഇറാഖിലെ ഇന്ത്യയ്ക്കാര്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ എംബസി

 ഇറാഖിലെ ഇന്ത്യയ്ക്കാര്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ എംബസി

അമേരിക്കന്‍ സൈനിക കേന്ദ്രം ഇറാന്‍ ആക്രമിച്ചതിനെ തുടര്‍ന്ന യുദ്ധസാധ്യത നിലനില്‍ക്കുന്ന ഇറാഖിലെ കാല്‍ ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി. ഇറാഖില്‍ എവിടെയും ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഒരു അപകടവും സംഭവിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യക്കാരനായ ഒരു നയതന്ത്ര ഉദ്യോഗസ്ഥന്‍ പറയുന്നു. ബാഗ്ദാദില്‍ നിന്ന് ടെലിഫോണിലൂടെയാണ് അദ്ദേഹം ന്യൂസ് 18 നോട് സംസാരിച്ചത്. ഇറാഖിലെ വിവിധ തൊഴില്‍ കേന്ദ്രങ്ങളിലായി 25000ത്തോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. വടക്കന്‍ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്ഥാനിലെ തലസ്ഥാനമായ എര്‍ബിലില്‍ ആണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത്.

സ്വകാര്യകമ്പനികളിലും എണ്ണഖനന മേഖലകളിലുമാണ് കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നത്. ബാഗ്ദാദിലും തെക്കന്‍ തുറമുഖ നഗരമായ ബസ്രയിലും നിരവധി ഇന്ത്യക്കാരുണ്ട്. അതേസമയം ഈ മേഖലകളിലെല്ലാം യുദ്ധഭീതി നിലനില്‍ക്കുണ്ടെന്ന് യുഎന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പക്ഷേ, എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണ്. ബാഗ്ദാദിലെ ഇന്ത്യയുടെ അംബാസഡറില്‍ നിന്നും ഇറാഖ് സര്‍ക്കാരില്‍ നിന്നും ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. യുഎന്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥിതി സാധാരണ നിലയിലാകുന്നതുവരെ കൂടുതല്‍ ഇന്ത്യക്കാരെ രാജ്യത്തേക്ക് അനുവദിക്കരുതെന്ന് യുഎന്‍ അനൗദ്യോഗികമായി ഇറാഖിലെ ഇന്ത്യന്‍ അംബാസഡറെ ഉപദേശിച്ചു. എണ്ണ, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളിലെ മികച്ച ശമ്പളമുള്ള കുറച്ച് എക്‌സിക്യൂട്ടീവുകള്‍ ഒഴികെ ബാക്കിയുള്ളവരില്‍ ഭൂരിഭാഗം ഇന്ത്യക്കാരും എണ്ണ, അടിസ്ഥാന സൌകര്യമേഖലയില്‍ ജോലി ചെയ്യുന്നവരാണ്.

Related post