• May 15, 2021

ഉറുമ്പുകള്‍ ഉറങ്ങാറുണ്ടോ?

 ഉറുമ്പുകള്‍ ഉറങ്ങാറുണ്ടോ?

വിശ്രമമില്ലാത്ത പരിശ്രമങ്ങളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പൊതുവേ നമ്മള്‍ പറയാറുള്ള ഒരു വാചകമാണ് ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്നത്. ഇതില്‍ എത്രമാത്രം സത്യമുണ്ട്? അത് പതിരുള്ള പഴഞ്ചൊല്ലാണെത്ര!

പക്ഷെ ഈ ഉറക്കം നമ്മളെ പോലെ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കാറില്ല എന്നുമാത്രം. 12 മണിക്കൂറില്‍ ഒരിക്കല്‍ 8 മിനുറ്റുവരെ നീളുന്ന ഒരു പൂച്ച ഉറക്കമാണ് ഉറുമ്പുകള്‍ക്ക് പഥ്യം. അങ്ങനെ ദിവസത്തില്‍ രണ്ട് തവണ അവര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഉറങ്ങാറുണ്ടത്രെ. ഇതില്‍ ഒന്ന് ശരിക്കുള്ള ഉറക്കവും മറ്റേത് ചെറിയ ഒരു മയക്കവും ആണെന്ന് പറയാം. ഇതില്‍ ഉറക്കത്തിന്‌റെ സമയം ആന്‌റിനകളുടെയും മറ്റ് ശരീര പ്രവര്‍ത്തനങ്ങളുടെയും പ്രവര്‍ത്തനം 65 ശതമാനത്തോളം മന്ദതയിലായിരിക്കും. വ്യത്യസ്ത ഉറുമ്പു വര്‍ഗങ്ങളില്‍ ഇവയുടെ തോത് വ്യത്യസ്തമായിരിക്കുമെങ്കിലും കറുത്ത, ചുവന്ന, പടയാളി ഉറുമ്പുകള്‍ എല്ലാവരും ഉറങ്ങാറുണ്ട്.

ചിലര്‍ ഉറങ്ങുമ്പോഴും സഞ്ചരിക്കാറുണ്ട്. നിരന്തരമായ ഉറുമ്പുകളുടെ ഈ സഞ്ചാരം തന്നെയാണ് അവര്‍ ഉറങ്ങാറില്ല എന്ന് വിശ്വസിക്കാന്‍ കരാണമായതും. 40 മുതല്‍ 60 ദിവസം വരെയുള്ള ഒരു പടയാളി ഉറുമ്പിന്റെ ആയുസില്‍ വെറും പത്തു മണിക്കൂറില്‍ താഴെ മാത്രമേ അവര്‍ ഉറങ്ങാറുള്ളു. (റാണി ഉറുമ്പുകളുടെ ആയുസ് 20 വര്‍ഷങ്ങള്‍ വരെ നീളാറുണ്ട്. ആയുസിന്‌റെ മൂന്നില്‍ ഒരു ഭാഗം ഉറങ്ങി തീര്‍ക്കുന്ന മനുഷ്യരുടെ മുന്നില്‍ അവര്‍ നിസ്സാരകാര്‍ തന്നെ. ഒരു ദിവസം എട്ടു മണിക്കൂര്‍ വരെ ഉറങ്ങുന്ന ഒരു മനുഷ്യന്‍ തന്‌റെ ശരാശരി ആയുസില്‍ 2,29,961 മണിക്കൂര്‍, അതായത് 26 വര്‍ഷവും 3 മാസവും ഉറങ്ങിതീര്‍ക്കുന്നു. ( കണക്കുകള്‍ നോക്കിയാല്‍ ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന് മാറ്റി ‘മനുഷ്യര്‍ ഉറങ്ങാറില്ല’ എന്നാക്കേണ്ടി വരും)

Related post