• October 26, 2021

കേരളം കുതിക്കും അതിവേഗ റെയില്‍പ്പാതയിലൂടെ; സ്വപ്‌ന പദ്ധതിയുടെ ആകാശ സര്‍വേ പൂര്‍ത്തിയായി

 കേരളം കുതിക്കും അതിവേഗ റെയില്‍പ്പാതയിലൂടെ; സ്വപ്‌ന പദ്ധതിയുടെ ആകാശ സര്‍വേ പൂര്‍ത്തിയായി

കേരളത്തിനറെ പ്രതീക്ഷയായ അതിവേഗ റെയില്‍ പാതയുടെ ആകാശ സര്‍വേ പൂര്‍ത്തിയായി. ആകെയുള്ള 531.45 കിലോമീറ്ററും സ്റ്റേഷന്‍ പ്രദേശങ്ങളും സര്‍വേചെയ്തു. തിരുവനന്തപുരം മുതല്‍ തിരുന്നാവായ വരെ 310 കിലോമീറ്റര്‍ ഇപ്പോഴത്തെ റെയില്‍പ്പാതയില്‍നിന്ന് മാറിയും തുടര്‍ന്ന് കാസര്‍കോട്ടുവരെയുള്ള ബാക്കി നിലവിലുള്ള പാതയ്ക്കു സമാന്തരമായിട്ടുമാകും ‘സില്‍വര്‍ ലൈന്‍’ എന്ന പദ്ധതിയുടെ അലൈന്‍മെന്റ്.

Computer generated 3D illustration with a train

തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള റൂട്ടില്‍ ആകെ പത്ത് സ്റ്റേഷനുകളാണുള്ളത്. മറ്റു സ്റ്റേഷനുകളെ ബന്ധിപ്പിക്കാനുള്ള പദ്ധതിയും സില്‍വര്‍ ലൈനിനുണ്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് ഇതിലൂടെ വണ്ടിയോടുക. രണ്ട് ലൈനുകള്‍ക്കുള്ള സ്ഥലം മാത്രമാണ് ഇതിനു വേണ്ടിവരുന്നത്. നഗരങ്ങളില്‍ ആകാശപാതകളിലൂടെയായിരിക്കും ഇത് കടന്നുപോകുന്നത്.

സില്‍വര്‍ ലൈന്‍ ദൈര്‍ഘ്യമായ 532 കിലോമീറ്റര്‍ സര്‍വേ ചെയ്യുന്നതിനായി ചെറു വിമാനം ഉപയോഗിച്ചുള്ള ലൈഡാര്‍ സംവിധാനമാണ് ഉപയോഗിച്ചത്. സര്‍വേയ്ക്ക് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലും കേന്ദ്ര പ്രതിരോധ മന്ത്രാലയവും അനുമതി നല്‍കിയതിനു തൊട്ടുപിന്നാലെ പദ്ധതിയ്ക്ക് കേന്ദ്ര റെയില്‍വെ മന്ത്രാലയവും അനുമതി നല്‍കി. ആറ് ദിവസത്തെ സര്‍വേയ്ക്ക് പാര്‍ട്ടെനേവിയ പി 68 എന്ന ചെറു വിമാനമാണ്‌ ഉപയോഗിച്ചത്. അതീവ സുരക്ഷാമേഖലകള്‍ക്കു മുകളിലൂടെ പറക്കേണ്ടതുകൊണ്ടാണ് പ്രതിരോധവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായി വന്നത്. ഇന്ത്യന്‍ പൈലറ്റുകള്‍ തന്നെയായിരിക്കണം ഹെലികോപ്റ്റര്‍ പറത്തേണ്ടത് എന്ന കര്‍ശന നിബന്ധനയുണ്ടായിരുന്നു.

നിര്‍ദ്ദിഷ്ട മുംബൈ-അഹമ്മദാബാദ് ബുളളറ്റ് ട്രെയിന്‍ പദ്ധതിയുടെ ലൈഡാര്‍ സര്‍വേ നടത്തിയ ഹൈദരാബാദ് ആസ്ഥാനമായുള്ള ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനു (കെ-റെയില്‍) വേണ്ടി സര്‍വേ നടത്തിയത്‌. സര്‍ക്കാര്‍ വകുപ്പുകളും സര്‍വേ ഓഫ് ഇന്ത്യയടക്കമുള്ള ഏജന്‍സികളും ചേര്‍ന്ന് പരിശോധിച്ച് തന്ത്രപ്രധാന മേഖലകള്‍ ഒഴിവാക്കിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക. തുടര്‍ന്ന് വിശദമായ അലൈന്‍മെന്റ് നിര്‍ണയിക്കും. ലൊക്കേഷന്‍ സര്‍വേ ഉടന്‍ തയ്യാറാക്കി പണി വേഗത്തില്‍ തുടങ്ങാന്‍ കഴിയുമെന്ന് കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ-റെയില്‍) എം.ഡി. വി. അജിത് കുമാര്‍ അറിയിച്ചു.

സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാകുന്നതാണ് അര്‍ധ അതിവേഗ റെയില്‍പ്പാതാ പദ്ധതി. തിരുവനന്തപുരത്തുനിന്ന് കാസര്‍കോടുവരെ നാലു മണിക്കൂറില്‍ യാത്രചെയ്യാം. കൊച്ചുവേളിയില്‍നിന്ന് കാസര്‍കോടുവരെ 11 ജില്ലകളിലൂടെ കടന്നുപോകുന്ന പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ട്രെയിന്‍ ഓടുക എന്ന രീതിയിലാണ് റെയില്‍ ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെ റെയില്‍ ഇടനാഴിക്ക് 55,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ലോകോത്തര നിലവാരമുള്ള സാങ്കേതികവിദ്യയാണ് പദ്ധതിയുടെ പ്രത്യേകത. സിഗ്‌നല്‍ സംവിധാനം, ഓട്ടോമാറ്റിക് ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം, വാര്‍ത്താവിനിമയ സംവിധാനം, ടിക്കറ്റ് വിതരണം തുടങ്ങിയ എല്ലാ മേഖലയിലും നൂതന സാങ്കേതിക വിദ്യയാകും ഉപയോഗിക്കുക. ഉയര്‍ന്ന തൂണുകളില്‍ക്കൂടിയും ‘ഭൂഗര്‍ഭ’ ടണല്‍ വഴിയുമാകും പാത കടന്നുപോവുക.

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, കൊച്ചി, തൃശൂര്‍, വളാഞ്ചേരി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍. തിരുവനന്തപുരം കൊച്ചുവേളിക്ക് സമീപമാണ് പ്രധാന സ്റ്റേഷനും ഡിപ്പോയും പ്രവര്‍ത്തിക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലിലുള്ള സ്റ്റേഷനു സമീപമാകും അതിവേഗ പാതയുടെ സ്റ്റേഷനുകള്‍. ഇതൊടൊപ്പം ഫീഡര്‍ സ്റ്റേഷനുകള്‍ നിര്‍മിക്കും. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ആറ്റിങ്ങല്‍, കല്ലമ്പലം, പാരിപ്പള്ളി, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ ഫീഡിങ് സ്റ്റേഷന്‍ പരിഗണനയിലാണ്. ജനവാസകേന്ദ്രങ്ങള്‍, കൃഷിഭൂമി എന്നിവ ഒഴിവാക്കി പദ്ധതി നടപ്പാക്കാനാണ് ‘ഭൂഗര്‍ഭ’എലിവേറ്റഡ് പാതകള്‍ നിര്‍മിക്കുന്നത്. ഭൂകമ്പത്തെ അതിജീവിക്കാന്‍ കഴിയുന്നതരത്തിലുമായിരിക്കും നിര്‍മാണം. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പാത മംഗളൂരുവരെ നീട്ടാനാണ് ലക്ഷ്യമിടുന്നത്.

ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താം ബജറ്റിലാണ് അതിവേഗ റെയില്‍പ്പാതയുടെ നിര്‍ദേശം എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തെ റോഡ് മാര്‍ഗമുള്ള ഗതാഗതത്തിന്റെ വിഹിതം 90 ശതമാനത്തിലധികം ഉയര്‍ന്ന സാഹചര്യത്തില്‍ പാരിസ്ഥിതിക ആഘാതം താരമതമ്യേന കുറഞ്ഞ റെയില്‍ഗതാഗത സാധ്യതകളെ പ്രയോജനപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിട്ടത്. കുറഞ്ഞ യാത്രാസമയം, കൂടുതല്‍ പ്രദേശങ്ങളുമായുള്ള ബന്ധം, യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍, അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന യാത്രാ മാര്‍ഗങ്ങളില്‍നിന്നുള്ള മാറ്റം, റോഡിലെ തിരക്കില്‍നിന്നുള്ള മോചനം എന്നിവയാണ് പദ്ധതിയുടെ മെച്ചങ്ങള്‍. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വേഗം പകരുന്നതിനൊപ്പം കേരളത്തെ ഭാവി തലമുറയ്ക്കുവേണ്ടി പ്രകൃതിസുന്ദരമായിതന്നെ കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത പദ്ധതിയായാണ് ഇത് നടപ്പാക്കുന്നത്.

Related post