• October 23, 2021

കോവിഡ് 19: വിമാനക്കമ്പനികള്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി

 കോവിഡ് 19: വിമാനക്കമ്പനികള്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി

കോവിഡ് 19 പ്രതിസന്ധിയെത്തുടര്‍ന്ന് പ്രമുഖ വിമാനക്കമ്പനികള്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഗോ എയറില്‍ ഈ മാസം ആര്‍ക്കും ശമ്പളം ഇല്ല. ഇന്‍ഡിഗോയിലും എയര്‍ ഇന്ത്യയിലും ജീവനക്കാരുടെ ശമ്പളത്തിന് നിയന്ത്രണമുണ്ട്. ഓണ്‍ലൈന്‍ ട്രാവല്‍ ആപ്പായ മേയ്ക്ക് മൈ ട്രിപ്പില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കി.

വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബജറ്റ് എയര്‍ സര്‍വീസാണ് ഗോ എയര്‍. ഈ മാസം, ശമ്പളം നല്‍കാനാവില്ലെന്ന് കമ്പനിയുടെ സി.ഇ.ഒ വിനയ് ദുബെ മുംബൈയില്‍ അറിയിച്ചു. മറ്റൊരു വഴിയും ഇല്ലാത്തതു കൊണ്ടാണ് ശമ്പളം നല്‍കാത്തതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് ആഴ്ചയായി യാത്രാ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നേരത്തെ പൈലറ്റ്മാര്‍ക്ക് കമ്പനി ലീവ് നല്‍കിയിരുന്നു.ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശമ്പളം 50% കുറച്ചിരുന്നു.

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ സീനിയര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ 25 ശതമാനമാണ് കുറച്ചത്. എയര്‍ ഇന്ത്യയിലാണെങ്കില്‍ എല്ലാ അലവന്‍സുകളും 10 ശതമാനം കുറച്ചു. വിമാനത്തിലെ കാബിന്‍ ക്രൂ ഒഴികെയുള്ളവര്‍ക്കുള്ള ഈ നിയന്ത്രണം, അടുത്ത മൂന്ന് മാസത്തേക്കാണ്.

സ്വകാര്യ ഓണ്‍ലൈന്‍ ട്രാവല്‍ ആപ്പായ മേയ്ക്ക് മൈ ട്രിപ്പിലും ശമ്പളനിയന്ത്രണം ഉണ്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല. താഴെയുള്ള ജീവനക്കാരുടെ ശമ്പളം 50 ശതമാനമായി കുറച്ചു.

കോവിഡ് 19 നെ തുടര്‍ന്ന് ലോകമെങ്ങും വിമാന കമ്പനികള്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 44 ശതമാനം ബിസിനസ് കുറയുമെന്നാണ് വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര അസോസിയേഷനായ ഐ എ ടി.എയും പറയുന്നത്.

Related post