• May 14, 2021

ബോളിവുഡ് ഗ്ലാമര്‍ റാണിയാകാന്‍ അമലാപോള്‍

 ബോളിവുഡ് ഗ്ലാമര്‍ റാണിയാകാന്‍ അമലാപോള്‍

ബോളിവുഡ് കണ്ട ഏറ്റവുംവലിയ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളായിരുന്നു പര്‍വീണ്‍ ബാബി. മഹേഷ് ഭട്ട് ഒരുക്കുന്ന വെബ് സീരീസില്‍ പര്‍വീണ്‍ ബാബിയുടെ ജീവിതമാണ് ഇതിവൃത്തം.

ഇപ്പോള്‍ പര്‍വീണ്‍ ബാബിയാകാന്‍ തെന്നിന്ത്യന്‍ നടി അമലാ പോള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മഹേഷ് ഭട്ടിനൊപ്പം അമലാ പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. പുതിയ പ്രൊജക്റ്റ് സൈന്‍ ചെയ്‌തെന്ന് അമല പോള്‍ വെളിപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഞാന്‍ ബോളിവുഡില്‍ ഒരു പ്രൊജക്ട് സൈന്‍ ചെയ്തു. ഇതുവരെയുള്ളതില്‍ ഞാന്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കികാണുന്ന ഒന്നാണ് അത്. ഷൂട്ടിങ് ഉടന്‍ ആരംഭിക്കും’, അമല പറഞ്ഞു. സിനിമയാണോ വെബ് സിരീസാണോ കരാര്‍ ആയിരിക്കുന്നത് എന്ന് ഓദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

മഹേഷ് ഭട്ട് പര്‍വീണ്‍ ബാബിയെക്കുറിച്ച് ഒരുക്കുന്ന വെബ് സിരീസിലൂടെയാണ് അമല ബോളിവുഡിലേക്കെത്തുന്നത് എന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

ബോളിവുഡ് കണ്ട ഏറ്റവുംവലിയ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളായിരുന്നു പര്‍വീണ്‍ ബാബി. ഒന്നരദശകം നീണ്ട കരിയറില്‍ അമിതാബ് ബച്ചന്‍, ശശി കപൂര്‍, ജിതേന്ദ്ര, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയ മുന്‍നിര നായകന്മാരുടെ നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ചു.

ദീവാര്‍, നമക് ഹലാല്‍, അമര്‍ അക്ബര്‍ ആന്റണി, ശാന്‍, മേരി ആവാസ് സുനോ, രംഗ് ബിരംഗി എന്നിവയാണ് പര്‍വീണിന്റെ പ്രധാനപ്പെട്ട സിനിമകള്‍. 2005 ജനുവരി 22ന് സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ ഇവരെ കാണപ്പെടുകയായിരുന്നു.

Related post