• August 2, 2021

ജനങ്ങള്‍ക്കിടയില്‍ യുവ രാവണായി ചന്ദ്രശേഖര്‍ ആസാദ്.

 ജനങ്ങള്‍ക്കിടയില്‍ യുവ രാവണായി ചന്ദ്രശേഖര്‍ ആസാദ്.

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ഡല്‍ഹി ജമാ മസ്ജിദിന് മുന്നില്‍ വന്‍ ജന പ്രതിഷേധം. വിലക്ക് ലംഘിച്ചായിരുന്നു പ്രതിഷേധം അരങ്ങേറിയത്. ഒരു യുവാവിനൊപ്പം ജനം ഒരുമിക്കുന്ന കാഴ്ച്ചക്കാണ് ജമാ മസ്ജിദ് ഇന്നലെ സാക്ഷ്യം വഹിച്ചത്.ജമാ മസ്ജിദില്‍ നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ ചന്ദ്രശേഖര്‍ ആസാദ് അനുമതി തേടിയിരുന്നെങ്കിലും പോലീസ് അനുമതി നിഷേധിച്ചിരുന്നു. പ്രതിഷേധം നടക്കാതിരിക്കാന്‍ വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ഇതെല്ലാം മറികടന്നാണ് ആസാദ് ആള്‍ക്കൂട്ടത്തിലെത്തിയത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങിയതോടെ പ്രതിഷേധം ആരംഭിച്ചു. ആയിരകണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്.

നേരത്തെ തന്നെ ജമാ മസ്ജിദിന്റെ ഗേറ്റുകളിലൊന്ന് പോലീസ് ബാരിക്കേഡര്‍ വെച്ച് അടച്ചിരുന്നു. ഇതോടെ ഒന്നാമത്തെ ഗേറ്റില്‍ ആളുകള്‍ തടിച്ചുകൂടി. ഇതിനിടയിലേക്കാണ് അംബേദ്ക്കറുടെ ചിത്രം ആലേഖനം ചെയ്ത ഭരണഘടന ഉയര്‍ത്തിക്കാട്ടി മുഖം മറച്ച്് ആസാദ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ ജയ് ഭീം വിളികളുമായി ജനക്കൂട്ടം ആര്‍പ്പുവിളിച്ചു.

ആസാദിനെ പിടികൂടാന്‍ ഒരുക്കിയിരുന്ന സകല സന്നാഹങ്ങളുടേയും കണ്ണുവെട്ടിച്ചാണ് ആസാദ് ജനക്കൂട്ടത്തില്‍ പ്രത്യക്ഷനായത്. മസ്ജിദിന്റെ പടവുകളില്‍ നിന്ന് ചുറ്റുകൂടിയ ആള്‍ക്കൂട്ടത്തിന് അദ്ദേഹം ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. ജനക്കൂട്ടം അതേറ്റുചൊല്ലി. നിമിഷനേരം കൊണ്ട് ദേശീയപതാക കയ്യിലേന്തിയ, പ്ലക്കാര്‍ഡുകളേന്തിയ ജനക്കൂട്ടം ആ തെരുവിന്റെ ഇടുങ്ങിയ വഴികളില്‍ നിറഞ്ഞു. അതിനിടെ ആസാദ് പോലീസിന്റെ കൈയ്യിലായി. പക്ഷേ പോലീസിനെ വെട്ടിച്ച് ആസാദ് ജനക്കൂട്ടത്തില്‍ മറഞ്ഞു. പിന്നെ ഒരു ടെറസില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കടന്നാണ് ആസാദ് പോലീസിന്റെ കണ്ണ് വെട്ടിച്ച് പ്രക്ഷോഭകര്‍ക്കിടയിലേക്ക് എത്തിയത്.

രാവണ്‍ എന്ന ജനകീയ നേതാവ്

Chandrashekhar Azad

രാവണ്‍ എന്ന പേരില്‍ ജനകീയനായ യുവനേതാവാണ് ചന്ദ്രശേഖര്‍ ആസാദ്. തന്റെ രാഷ്ട്രീയ ശൈലികൊണ്ട് ജനശ്രദ്ധ നേടിയ നേതാവെന്നുവേണം വിശേഷിപ്പിക്കാന്‍. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ചുട്ട്മാല്‍പൂര്‍ ഗ്രാമത്തിലെ പോരാട്ടങ്ങളില്‍ നിന്നാണ് ആസാദ് ജനശ്രദ്ധ നേടുന്നത്. ദലിത് വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യംമിട്ടാണ് 2015 ല്‍ ആസാദ് ‘ഭീം ആര്‍മി’ രൂപികരിക്കുന്നത്. ഡേ. ബി ആര്‍ അംബേദ്കറിന്‌റേയും ബി എസ് പി സ്ഥാപകന്‍ കാന്ഷി റീമിന്റേയും പ്രവര്‍ത്തനങ്ങളായിരുന്നു പ്രചോദനം.
ദലിത് വിദ്യാര്‍ത്ഥികളും യുവാക്കളുമായിരുന്നു തുട്ടക്കത്തില്‍ ആസാദിനെ പിന്തുണച്ചിരുന്നത്. സാധാരണ രാഷ്ട്രീയക്കാരന്റെ ശൈലികളില്‍ നിന്ന് മാറിയുള്ള ആസാദിന്റെ രീതികള്‍ യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തെ തരംഗമാക്കി. മുഖത്തെ സണ്‍ഗ്ലാസ്സും മീശപിരിച്ചുള്ള സ്‌റ്റൈലും ബുള്ളറ്റിലുള്ള സഞ്ചാരവും അദ്ദേഹത്തിന്‌റെ രാഷ്ട്രീയ രീതികള്‍ പോലെ തന്നെ ശ്രദ്ധ നേടിയിരുന്നു.

Related post