• December 3, 2021

ആന്ധ്രപ്രദേശിന് ഇനി മൂന്ന് തലസ്ഥാനം ,ബില്ലിന് നിയമസഭയിൽ അംഗീകാരം

 ആന്ധ്രപ്രദേശിന് ഇനി മൂന്ന് തലസ്ഥാനം ,ബില്ലിന് നിയമസഭയിൽ അംഗീകാരം

അമരാവതി മേഖലയിലെ ആയിരക്കണക്കിന് കർഷകരുടെയും തെലുങ്കുദേശം പാർട്ടിയുടെയും പ്രതിഷേധത്തിനിടയിൽ ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനങ്ങൾ നൽകാനുള്ള നിർദേശം മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ മന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നൽകി.

ലെജിസ്ലേറ്റീവ് (നിയമനിർമാണ സഭ) തലസ്ഥാനമായി അമരാവതിയും എക്സിക്യൂട്ടീവ് (ഭരണനിർവഹണം) തലസ്ഥാനമായി വിശാഖപട്ടണവും ജുഡീഷ്യൽ (നീതിന്യായ) തലസ്ഥാനമായി കർണൂലും നിശ്ചയിച്ചുകൊണ്ടുള്ള ബിൽ ഇന്നലെ രാത്രി വൈകിയാണ് നിയമസഭ പാസാക്കിയത്.

സംസ്ഥാനത്തെ വിവിധ സോണുകളാക്കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. ഓരോ സോണിനും ആസൂത്രണ–വികസന ബോർഡുകളുണ്ടാകും. നേരത്തേ പ്രഖ്യാപിച്ച ഗ്രാമ, നഗര വാ‍ർഡ് സെക്രട്ടേറിയറ്റ് സംവിധാനവും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

രാജ്യത്ത് 3 തലസ്ഥാനങ്ങളുള്ള ആദ്യ സംസ്ഥാനമായി ഇതോടെ ആന്ധ്രപ്രദേശ് മാറും .പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടി നിർദ്ദേശിച്ച ബില്ലിലെ ഭേദഗതികൾ സഭ നിരസിച്ചു.

ബിൽ ചൊവ്വാഴ്ച നിയമസഭാ സമിതിയിൽ പരിഗണിക്കും, എന്നാൽ 58 അംഗങ്ങളുള്ള ഉപരിസഭയിൽ ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസിന് ഒമ്പത് അംഗങ്ങൾ മാത്രമുള്ളതിനാൽ സർക്കാരിന് ഇതൊരു അഗ്നി പരീക്ഷണമായിരിക്കും .മുഖ്യമന്ത്രിയുടെ പ്രസംഗത്തെ തടസ്സപ്പെടുത്തിയതിനാൽ ടിഡിപിയുടെ 17 എം‌എൽ‌എമാരെ ഒരു ദിവസത്തേക്ക് സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

“ഞങ്ങൾ തലസ്ഥാനം മാറ്റുന്നില്ല. ഞങ്ങൾ രണ്ട് പുതിയ തലസ്ഥാനങ്ങൾ ചേർക്കുന്നുവെന്നേയുള്ളൂ. അമരാവതി അതേപടി തുടരും. ഒരു പ്രദേശത്തിനും ഞങ്ങൾ ഒരു അനീതിയും ചെയ്യില്ല,” മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞു.

Related post