• August 2, 2021

ആളികത്തി അസം; പൗരത്വ ബില്ലിനെതിരെ പ്രതിഷേധം ശക്തം

 ആളികത്തി അസം; പൗരത്വ ബില്ലിനെതിരെ പ്രതിഷേധം ശക്തം

പൗരത്വ ബില്ലിനെതിരെ അസമില്‍ പ്രതിഷേധം ആളികത്തുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം നേരിടാന്‍ സൈന്യത്തെ ഇറക്കി. തലസ്ഥാനമായ ഗുവാഹാത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് കമ്പനി സൈന്യത്തെയാണ് വിന്യസിച്ചിരിക്കുന്നത്. 10 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി.
ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇപ്പോഴും തെരുവിലാണ്. പലയിടങ്ങളിലും പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. വാഹനങ്ങളും മറ്റു അഗ്‌നിക്കിരയാക്കി. ഇതിനിടെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവളിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ഒരു കേന്ദ്ര മന്ത്രിയുടേയും രണ്ട് ബിജെപി നേതാക്കളുടേയും വീടുകള്‍ അഗ്‌നിക്കരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
ബിജെപി എംഎല്‍എ പ്രശാന്ത് ഫുകന്‍, മറ്റൊരു പാര്‍ട്ടി നേതാവ് സുഭാഷ് ദത്ത ദുലിയാജന്‍ നഗരത്തിലുള്ള കേന്ദ്ര മന്ത്രി രമേശ്വര്‍ തെളി എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് തീവെപ്പും ആക്രണവുമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധക്കാര്‍ പ്രചബുവ, പാനിറ്റോള റെയില്‍വേ സ്റ്റേഷനുകള്‍ നശിപ്പിക്കുകയും തീവെക്കുകയും ചെയ്തതോടെ ദിബ്രുഗഡ് ജില്ലയിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അസമിനെ കൂടാതെ മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപകമാണ്. ത്രിപുരയില്‍ പ്രക്ഷോഭം നേരിടാന്‍ അസം റൈഫിള്‍സിനേയാണ് ഇറക്കിയിരിക്കുന്നത്.
വിദ്യാര്‍ത്ഥികളാണ് പ്രധാനമായും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധിക്കുന്നത്. ഞായറാഴ്ച ജാപനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്ന പരിപാടിയുടെ ബോര്‍ഡുകള്‍ക്കും മറ്റും പ്രതിഷേധക്കാര്‍ തീവെച്ചു. വടക്ക് കിഴക്കന്‍ ജനതയുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്‍ എന്നാണ് പ്രതിഷേധക്കാരുടെ വിമര്‍ശനം. ദീബ്രുഗഡില്‍ പോലീസും സമരക്കാരും ഏറ്റുമുട്ടിയതോടെ പോലീസ് ടിയര്‍ ഗ്യാസും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. നിരവധി ട്രെയിനുകളും പ്രതിഷേധത്തിന് പിന്നാലെ റദ്ദാക്കേണ്ടി വന്നു.

Related post