• May 15, 2021

പൗരത്വ ഭേദഗതി നിയമം; പ്രതിഷേധത്തിനിടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു

 പൗരത്വ ഭേദഗതി നിയമം; പ്രതിഷേധത്തിനിടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു

രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഇന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മംഗളൂരുവില്‍ രണ്ട് പേര്‍ പൊലീസ് വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടത്. ലക്നൗവില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. ഇതും പൊലീസ് വെടിവയ്പ്പിലാണെന്നാണ് ആരോപണം. എന്നാല്‍ യുപി പൊലീസ് ഇക്കാര്യം നിഷേധിച്ചു. മംഗളൂരുവില്‍ വെടിവയ്പ്പിനിടെ പരിക്കേറ്റ ജലീല്‍, നൗഷീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ മംഗളുരു ഗവണ്‍മെന്റ് വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റും. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. റബര്‍ ബുള്ളറ്റാണ് പ്രയോഗിച്ചതെന്നാണ് പൊലീസ് വിശദീകരണം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഇരുവരും. മറ്റൊരാള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

പ്രതിഷേധത്തിനിടെ ലക്നൗവിലും പൊലീസ് വെടിവയ്പ്പുണ്ടായെന്നാണ് വിവരം. ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.
ലഖ്‌നൗവില്‍ മുഹമ്മദ് വകീല്‍ എന്ന യുവാവാണ് വെടിയേറ്റുമരിച്ചത്. സംഘര്‍ഷമുണ്ടായ ഭാഗത്തുകൂടി നടന്നുപോകുന്നതിനിടെയാണ് മുഹമ്മദിന് പോലീസിന്റെ വെടിയേറ്റതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു.

ഇതോടെ പൊലീസ് വെടിവയ്പ്പില്‍ രാജ്യത്താകെ അഞ്ച് പേരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കര്‍ണാടക എഡിജിപി ദയാനന്ദയോട് അടിയന്തരമായി മംഗളൂരുവില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കി. അക്രമങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി യെദിയൂരപ്പയുടെ അഭ്യര്‍ത്ഥന. അതേസമയം രണ്ട് പേര്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി

പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗലാപുരത്ത് നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധപ്രകടനത്തില്‍ പങ്കെടുക്കാനെത്തിയത്. കമ്മീഷണര്‍ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധമാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പൊലീസ് ആദ്യം പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്നാണ് റബര്‍ ബുള്ളറ്റിന്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്. സംഘര്‍ഷത്തിന് പിന്നാലെ മംഗലാപുരത്തെ അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നാളെ രാത്രി വരെ കൂടി നിരോനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മംഗലാപുരം നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്.

പ്രതിഷേധത്തിനിടെ ലക്നൗവില്‍ 37 വാഹനങ്ങളെങ്കിലും അഗ്‌നിക്കിരയാക്കിയെന്നാണ് വിവരം. മാധ്യമസ്ഥാപനങ്ങളുടെ നാല് ഓബി വാനുകളും ഇതില്‍ പെടും. മൂന്ന് ബസുകളും 10 കാറുകളും 20 ബൈക്കുകളുമാണ് കത്തിച്ചത്. യുപി തലസ്ഥാനമായ ലക്‌നൗവില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ സംഘര്‍ഷം പടര്‍ന്നു. വന്‍തോതില്‍ അക്രമങ്ങള്‍ അരങ്ങേറുകയായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചെങ്കിലും പ്രതിഷേധം നിയന്ത്രിക്കാനായില്ല.

Related post