• November 30, 2021

ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി

 ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി

മതരാഷ്ട്രമാകാന്‍ അനുവദിക്കില്ല. മതനിരപേക്ഷതക്കായി കേരളത്തില്‍ നിന്നുയരുന്നത് ഒരേ ശബ്ദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതി ഭേദവും മതവിദ്വേഷവും ഒരു ഘട്ടത്തിലും കേരളത്തിനെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും അത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ സംഘടിപ്പിച്ച സംയുക്ത സത്യാഗ്രഹ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നടിച്ചു. ന്യൂനപക്ഷ വിഭാഗത്തെ പൗരന്‍മാരല്ലെന്ന് പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ അത് നടപ്പാക്കാന്‍ സൗകര്യപ്പെടില്ല. സര്‍ക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോടാണ് അല്ലാതെ ആര്‍എസ്എസ് സൃഷ്ടിക്കുന്ന അജണ്ടകളോടല്ലെന്നും അദ്ദേഹം പറഞ്ഞു.

‘പൗരത്വ ഭേദഗതി നിയമം കേരളം ഒറ്റകെട്ടായി എതിര്‍ക്കുന്നു. രാജ്യത്തെ ഒരു പ്രത്യേക മാര്‍ഗത്തിലേക്ക് തിരിക്കാനുള്ള ശ്രമം നടക്കുന്നു. അത് വിലപ്പോകില്ലെന്ന് പറയാനാണ് കേരളം ആഗ്രഹിക്കുന്നത്. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധം ഇതാണ് കാണിക്കുന്നത്. രാജ്യത്തുടനീളം ഇപ്പോഴുള്ള ഗുരുതരമായ ഈ പ്രതിസന്ധി ചിലര്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണ്’, മുഖ്യമന്ത്രി പറഞ്ഞു.

‘ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എല്ലാ മതവിശ്വാസികള്‍ക്കും മതവിശ്വാസം ഇല്ലാത്തവര്‍ക്കും ജീവിക്കാനുള്ള മതനിരപേക്ഷ രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്താണ് ഇത്തരത്തിലൊരു പൗരത്വ ഭേദഗതി നിയമം പാസാക്കിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ ഒന്നും തന്നെ സംസ്ഥാനം അംഗീകരിക്കില്ല. മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വേര്‍തിരിവ് അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പൗരത്വ ഭേദഗതി നിമയത്തിലെ യുക്തി രാഹിത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.’ രാജ്യമാകെ ഉയര്‍ന്നുവന്ന പ്രതിഷേധത്തില്‍ കേരളമാകെ ഒറ്റക്കെട്ടായി നീങ്ങുന്നുവെന്ന സന്ദേശം ലോകത്തിന് നല്‍കുന്നതാണ് ഈ കൂട്ടായ്മയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഐക്യരാഷ്ട്ര സഭയും അമേരിക്ക അടക്കം ലോക രാജ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യരെല്ലാം ഒന്നാണെന്ന് പ്രഖ്യാപിച്ച നവോത്ഥാന മുന്നേറ്റത്തിന്റെ പിന്‍ബലം കേരളത്തിനുള്ളത്, വ്യത്യസ്തമായ കാഴ്ചപ്പാടുകളേയും സംസ്‌കാരങ്ങളെയും സ്വീകരിച്ച കേരളം കേന്ദ്ര നിയമത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തെ പൗരന്‍മാരല്ലെന്ന് പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ അത് നടപ്പാക്കാന്‍ സൗകര്യപ്പെടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ അവകാശമുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Related post