• October 28, 2021

സംഗീത ഇതിഹാസത്തിന് 53ാം പിറന്നാള്‍

 സംഗീത ഇതിഹാസത്തിന് 53ാം പിറന്നാള്‍

ഓസ്‌കര്‍ അവാര്‍ഡ് നേട്ടത്തിലൂടെ ഇന്ത്യന്‍ സംഗീതം ലോകത്തിന്‌റെ നെറുകയില്‍ എത്തിച്ച സംഗീത ചക്രവര്‍ത്തിഎ.ആര്‍ റഹ്മാന് ഇന്ന് 53ാം പിറന്നാള്‍. ആശംസകളുമായി ആരാധകരും സിനിമാ ലോകവും.


ഓരോ സംഗീത പ്രേമികളുടെയും ഹൃദയം കവര്‍ന്നുകൊണ്ടായിരുന്നു റഹ്മാന്‌റെ യാത്ര. കാല്‍ നൂറ്റാണ്ട് പിന്നിട്ട സംഗീത ജീവിതത്തിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ഇടംപിടിക്കാന്‍ റഹ്മാന് സാധിച്ചത് തന്‌റെ മാസ്മരിക സംഗീതത്തിലൂടെയാണ്.


1992ല്‍ മണിരത്നം സംവിധാനം ചെയ്ത റോജയിലൂടെയാണ് ഏആര്‍ റഹ്മാന്‍ തുടക്കം കുറിച്ചത്. ആരാധകരുടെ മനം കവര്‍ന്ന സംഗീത മാന്ത്രികനായുള്ള വളര്‍ച്ച പെട്ടന്നായിരുന്നു. സ്ഥിരം ഈണങ്ങളില്‍ നിന്നും പുതുമയാര്‍ന്ന ഈണങ്ങളിലൂടെ അദ്ദേഹം മാറി സഞ്ചരിച്ചു. ഈ മാറ്റം ഉള്‍ക്കൊളളാന്‍ അന്നത്തെ യാഥാസ്ഥിക സംഗീതജഞര്‍ക്കൊന്നും കഴിഞ്ഞിരുന്നില്ല. റഹ്മാന്‌റെ സംഗീതം കോപ്പിയടിയാണെന്നും ഡപ്പാംകൂത്ത് സംഗീതം മാത്രമേ വഴങ്ങൂ എന്നൊക്കെ അദ്ദേഹത്തിനെതിരെ ആരോപണങ്ങളുണ്ടായി. എന്നാല്‍ തന്‌റെ സംഗീതത്തിലൂടെ റഹ്മാന്‍ വിമര്‍ശകര്‍ക്ക് മധുരമുള്ള മറുപടി നല്‍കി. തമിഴും കടന്ന് ഹിന്ദിയിലേക്ക് ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് റഹ്മാന്‍ കടന്നുചെന്നത്. മണിരത്‌നത്തിന്‌റെ ചിത്രങ്ങള്‍ ഹിന്ദിയിലേക്കെത്തിയപ്പോള്‍ തുടര്‍ച്ചായായി റഹ്മാന്‍ സംഗീതം ഇന്ത്യ ഏറ്റു പാടി.

ആദ്യ ചിത്രത്തിന്റെ സംഗീതത്തിനു ദേശീയ പുരസ്‌കാരം നേടിയ ഇന്ത്യയിലെ ആദ്യ സംഗീത സംവിധായകന്‍ എന്ന ബഹുമതി റഹ്മാന് സ്വന്തം. പിന്നീടിങ്ങോട്ട് സംഗീത ജീവിതത്തില്‍ ഇടവേളകളില്ലാതെ നിരവധി പുരസ്‌കാരങ്ങള്‍ ആ പ്രതിഭയെ തേടിയെത്തി. രണ്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍, രണ്ട് ഗ്രാമി പുരസ്‌കാരങ്ങള്‍, ബാഫ്ത പുരസ്‌കാരങ്ങള്‍, നാല് ദേശീയ പുരസ്‌കാരങ്ങള്‍, 15 ഫിലിം ഫെയര്‍ പുരസ്‌കാരം എന്നിങ്ങനെ നീളുന്നു പുരസ്‌കാരങ്ങളുടെ നിര.

Related post