• October 21, 2021

കോവിഡ് -19 ന് ഇരയാകുന്നത് കൂടുതലും പുരുഷന്മാർ?

 കോവിഡ് -19 ന് ഇരയാകുന്നത് കൂടുതലും പുരുഷന്മാർ?

ആരോഗ്യമേഖലയിലെ ലിംഗസമത്വം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയായ ഗ്ലോബൽ ഹെൽത്ത് 50/50, സി‌എൻ‌എന്നിനൊപ്പം നടത്തിയ ഡാറ്റ വിശകലനമനുസരിച്ച് പുരുഷന്മാർക്കിടയിലെ കോവിഡ് -19 മരണനിരക്ക് സ്ത്രീകളുടേതിനേക്കാൾ കൂടുതലാണ്. വൈറസ്ബാധ അനിയന്ത്രിതമായി തുടരുന്ന ഇറ്റലിയിൽ, നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് (ഇസ്റ്റിറ്റ്യൂട്ടോ സുപ്പീരിയോർ ഡി സാനിറ്റെ അല്ലെങ്കിൽ ഐ‌എസ്‌എസ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം, കോവിഡ് -19 പോസിറ്റീവ് കേസുകളിൽ 60 ശതമാനവും പുരുഷന്മാരാണ്. 70 ശതമാനം മരിക്കുന്നവരും പുരുഷന്മാർ തന്നെ.
ചൈനയിലും ദക്ഷിണ കൊറിയയിലും സമാനമായ പ്രവണതയാണ് കണ്ടത്. ലിംഗാടിസ്ഥാനത്തിലുള്ള കണക്കുകൾ യുഎസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഈ ‘പ്രതിഭാസം’ സംശയാതീതമായി വിശദീകരിക്കുന്ന ഒരു പഠനവും ഇതുവരെ നടന്നിട്ടില്ല. എന്നാൽ പുരുഷന്മാർക്കിടയിൽ പുകവലി കൂടുതലാണെന്നതും ആരോഗ്യപരമായ പ്രശ്നങ്ങളുള്ളവർക്ക് കോവിഡ് -19 കൂടുതൽ ദോഷമുണ്ടാക്കുമെന്നുള്ളതും ഒരു കാരണം ആകാം. ഇവിടെ ശ്രദ്ധിക്കേണ്ട വിഷയം കൊറോണ വൈറസിൽ നിന്നും പ്രതിരോധ ശേഷിയുള്ളവരായി ആരുമില്ല. പക്ഷേ ഇത് വരുത്തുന്ന ബുദ്ധിമുട്ടുകൾ പ്രായമായവർക്കും ആരോഗ്യപരമായ പ്രശ്നങ്ങളുള്ളവർക്കും കഠിനമായിരിക്കും.
ഉദാഹരണത്തിന്, ലോകത്തിലെ ഏറ്റവും വലിയ പുകവലി ജനസംഖ്യയുള്ള ചൈനയിൽ, 50% ൽ കൂടുതൽ പുരുഷന്മാർ പുകവലിക്കുന്നു എന്നാൽ 3% ൽ താഴെ മാത്രം സ്ത്രീകളേ പുകവലിക്കുന്നുള്ളു. ഇറ്റലിയിൽ 7 ദശലക്ഷം പുരുഷന്മാർ പുകവലിക്കുമ്പോൾ 4.5 ദശലക്ഷം സ്ത്രീകൾക്കും ഈ ശീലമുണ്ട് . വാസ്തവത്തിൽ ഇറ്റലിയിൽ കോവിഡ് -19 ന് ഇരയായ 99% പേർക്കും മറ്റൊരു അസുഖമുണ്ടെന്ന് ഐ‌എസ്‌എസ് പറഞ്ഞു, 75% പേർ ഉയർന്ന ബിപി ബാധിതരാണ്. ഇത് പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്.
കൂടുതൽ ടെസ്റ്റുകൾക്ക് വിധേയരാകുന്നത് പുരുഷന്മാരാകാം അല്ലെങ്കിൽ ജോലിയുടെ ഭാഗമായി കൂടുതൽ യാത്രകൾ ചെയ്യുന്നത് പുരുഷന്മാർ ആകാം. ഇതൊക്കെ പുരുഷന്മാരുടെ സംഖ്യ കൂടുതലായി കാണപ്പെടാൻ കാരണങ്ങൾ ആയിട്ടുണ്ടാകാം. ഇന്ത്യയിൽ ആദ്യമുണ്ടായ 10 മരണങ്ങളിൽ 1 മാത്രമാണ് സ്ത്രീയുടേത് .
മുൻപ് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് രോഗങ്ങളായ SARS, MERS എന്നിവയും സമാനമായ പ്രവണത കാണിച്ചിരുന്നു.
സൗദി അറേബ്യയിൽ ഉണ്ടായ മെഴ്‌സ്-കോവ് അണുബാധയെക്കുറിച്ചുള്ള ഒരു പഠനം സ്ത്രീകൾ മുഖാവരണം ധരിക്കുന്നത് മരണനിരക്ക് കുറയ്ക്കാൻ സഹായകരമായി എന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഗ്ലോബൽ ഹെൽത്ത് 50/50 ന്റെ വിശകലനം ലോകജനസംഖ്യയുടെ 25 ശതമാനത്തെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ്.

Related post