• November 30, 2021

138 പദ്ധതികളിലായി ഒരു ലക്ഷം കോടി രൂപ നിക്ഷേപം കേരളത്തിലേക്ക് , ആഗോള നിക്ഷേപ സംഗമത്തിന് സമാപനം

 138 പദ്ധതികളിലായി ഒരു ലക്ഷം കോടി രൂപ നിക്ഷേപം കേരളത്തിലേക്ക് , ആഗോള നിക്ഷേപ സംഗമത്തിന് സമാപനം

രണ്ടു ദിവസങ്ങളിലായി നടന്ന അസെന്‍ഡ് കേരളം 2020 ല്‍ ഒരു കോടിയില്‍ പരം നിക്ഷേപം കേരളത്തില്‍ എത്തിയതായി മുഖ്യമന്ത്രി . കൊച്ചി ഇന്റര്‍നാഷണല്‍ കോണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .136 പ്രൊജെക്ടുകളിലായി 98708 കോടി രൂപയുടെ നിക്ഷേപത്തിനുള്ള ധാരണ പത്രം നിക്ഷേപകര്‍ മുഖ്യമന്ത്രിക്ക് കൈമാറി .

32,008 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്കു പുറമേ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡ് ആറു പദ്ധതികളിലായി 8110 കോടിയാണ് നിക്ഷേപിക്കുന്നത്. ഇതിനു പുറമേ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ലോജിസ്റ്റിക്‌സ് പാര്‍ക്കിനായി 66900 കോടി രൂപയും നിക്ഷേപിക്കും.പോപ്പീസ് ബേബി കെയര്‍, ഷാര്‍പ്പ് പ്ലൈവുഡ്‌സ്, ഡൈവര്‍ ലോജിസ്റ്റിക്‌സ്, എച്ച് എഫ് മെറ്റല്‍സ്, എന്നിവരും താല്‍പ്പര്യപത്രം കൈമാറി.സംസ്ഥാനത്തെ , ചെറുകിട മേഖലയിലെ 66 പേര്‍ ചേര്‍ന്ന് 2050 കോടിയുടെ നിക്ഷേപം നടത്താനും താല്‍പ്പര്യം അറിയിച്ചു.

പുറമെ പ്രചരിപ്പിക്കുന്നത് പോലെ കേരളം നിക്ഷേപ സൗഹൃദമല്ലാത്ത സംസ്ഥാനമല്ല. നിക്ഷേപകര്‍ക്ക് മികച്ച ഭൗതിക സാഹചര്യമാണ് കേരളത്തിലുള്ളത്. ഇന്ത്യയിലെ മികച്ച അഞ്ച് നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാക്കി മാറ്റുകയാണ് ലക്ഷ്യം. 138 പ്രൊജെക്ടുകളിലായി 98708 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തയ്യാറായി വ്യവസായികള്‍ രംഗത്തെത്തിയിട്ടുണ്ട് . 1 ലക്ഷം കോടിയില്‍ പരം നിക്ഷേപ വാഗ്ദാനങ്ങളും ലഭിച്ചിട്ടുണ്ട്. സംഗമത്തില്‍ പങ്കെടുപ്പിക്കാന്‍ കഴിയാതെ പോയവരെ നേരിട്ട് കണ്ട് നിക്ഷേപത്തിനായി അഭ്യര്‍ഥിക്കും. ഇവരില്‍ ചിലര്‍ നിക്ഷേപിക്കാന്‍ തയ്യാറാണ്. ഇവരില്‍ നിന്ന് സമാഹരിക്കാന്‍ കഴിയുന്ന നിക്ഷേപം കൂടി കണക്കിലെടുത്താണ് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം.

കേരളത്തിന്റെ എല്ലാ മേഖലയും നിക്ഷേപ സൗഹൃദമാണ്. ആരോഗ്യം ,അടിസ്ഥാനസൗകര്യ വികസനം , കാര്‍ഷികമേഖല ,ജലസമ്പത്ത് ,ഇവിടങ്ങളിലെല്ലാം നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമാണുള്ളത്. രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നിനുപോലും പിന്നിലല്ല കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ സ്ഥാപങ്ങള്‍ നടത്താന്‍ ഒരു ഇട നിലക്കാരുടെയും ആവ്യശമില്ല . വില്ലേജ് ഓഫീസില്‍ മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സൗഹാര്‍ദ്ദപരമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകും. വ്യവസായികളുടെ പരാതി കേള്‍ക്കാനും , പരിഹരിക്കാനും പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും. എല്ലാ വകുപ്പുതല ഉദ്യോഗസ്ഥരെയും , നിക്ഷേപ പ്രതിനിധികളെയും യോഗത്തില്‍ ഉള്‍പ്പെടുത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ച മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് . ഈ മാസം 21 നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് . സെക്രട്ടറി മാരുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ യുവാക്കളുടെ നൈപുണ്യ വികസനത്തിന് അടിയന്തര നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി സിലബസ് പരിഷ്‌കരണം ഉള്‍പ്പടെ ,പല കോഴ്‌സുകളിലും കാലാനുസൃതമായ മാറ്റം വരുത്തും .അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ തൊഴിലില്ലായ്മ പൂര്‍ണമായും ഇല്ലാതാകും .

10 കോടി വരെയുള്ള നിക്ഷേപകര്‍ക്ക് ചീഫ് സെക്രട്ടറിയുടെ കീഴിലുള്ള ഏകജാലക സംവിധാനം വഴി സംരംഭം തുടങ്ങാം .3 വര്‍ഷം വരെ അനുമതിയില്ലാതെ സ്ഥാപനം തുടങ്ങാം .ചട്ടങ്ങള്‍ പാലിച്ചായിരിക്കണം എന്നത് നിര്‍ബന്ധമാണ് . സെമി സ്പീഡ് , ഹൈ സ്പീഡ് പാത , ജലപാത , റോഡ് പാത തുടങ്ങിയ പശ്ചാത്തല വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും . കൊച്ചി- കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയില്‍ ഫലപ്രദമായ നടപ്പാക്കല്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു .ചെറുകിട മേഖലയിലെ വ്യവസായിക കടബാധ്യതകള്‍ ഇല്ലാതാകാനായുള്ള നടപടികളും ഉണ്ടാകും .പരിസ്ഥിതി സൗഹൃദ നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കും.

ഇന്ത്യയുടെ നാലാം വ്യവസായ വിപ്ലവത്തിന് വഴികാട്ടാന്‍ കേരളം എന്ന പ്രഖ്യാപനത്തോടെയാണ് സംഗമം സമാപിച്ചത്. മന്ത്രിമാരായ ഇ പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഒറീസ വാര്‍ത്താ വിനിമയ-സ്‌പോര്‍ട്‌സ്- യുവജന കാര്യമന്ത്രി തുഷാര്‍കാന്തി മേത്ത ,ചീഫ് സെക്രട്ടറി ടോം ജോസ് , പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ കെ ഇളങ്കോവന്‍, സഞ്ജയ് ഗാര്‍ഗ്, കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related post