• June 20, 2021

രാജ്യത്തെ എല്ലാ കോടതികളും ജൂണ്‍ ഒന്ന് മുതല്‍ തുറക്കണം: ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

 രാജ്യത്തെ എല്ലാ കോടതികളും ജൂണ്‍ ഒന്ന് മുതല്‍ തുറക്കണം: ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

രാജ്യത്തെ എല്ലാ കോടതികളും ജൂണ്‍ ഒന്ന് മുതല്‍ തുറക്കണമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയ്ക്ക് കത്തയച്ചു. വെര്‍ച്വല്‍ കോടതികള്‍ തുറന്ന കോടതികള്‍ക്ക് പകരമാകില്ല. അഭിഭാഷകര്‍ വന്‍ പ്രതിസന്ധിയിലാണ്. കൊവിഡ് ഭീഷണി ഉടന്‍ ഒഴിയില്ലെന്നും, കര്‍ശന സുരക്ഷാ സംവിധാനങ്ങളോടെ കോടതി നടപടികള്‍ തുടങ്ങണമെന്നും ബാര്‍ കൗണ്‍സിലിന്റെ കത്തില്‍ ആവശ്യപ്പെട്ടു.

വിവിധ സംസ്ഥാനങ്ങളിലെ ബാര്‍ കൗണ്‍സിലുകളുമായും ബാര്‍ അസോസിയേഷനുകളുമായും ചര്‍ച്ച ചെയ്തതിന് ശേഷമാണ് കത്തെഴുതിയിരിക്കുന്നതെന്ന് മിശ്ര പറയുന്നു. വെര്‍ച്വല്‍ കോടതി ഹിയറിംഗിനെക്കുറിച്ചുള്ള അഭിഭാഷകരുടെ നിലപാടും അദ്ദേഹം ചീഫ് ജസ്റ്റിസിനുള്ള കത്തില്‍ വ്യക്തമാക്കി. ഇന്നലെത്തെ തിയതിയിലാണ് കത്തെഴുതിയിരിക്കുന്നത്.

ഈ വിഷയത്തില്‍ കഴിഞ്ഞ മാസം 28നും മിശ്ര ബോബ്ഡെയുമായി ആശയവിനിമയം നടത്തിയിരുന്നു. അദ്ദേഹം ലോക്ക് ഡൗണ്‍ ഇളവ് വന്നാല്‍ വെര്‍ച്വല്‍ ഹിയറിംഗ് പിന്‍വലിക്കാന്‍ ബോബ്ഡെയോട് ആവശ്യപ്പെടുകയും ചെയ്തു. ഇത് ലോക്ക് ഡൗണിനിടയിലുള്ള കുറച്ച് സമയത്തെ ആവശ്യം ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുറച്ച് അഭിഭാഷകര്‍ക്ക് മാത്രമേ ഇത്തരത്തില്‍ കേസുകള്‍ വാദിക്കാന്‍ സാധിക്കുകയുള്ളൂ. 95 ശതമാനം അഭിഭാഷകര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അവര്‍ക്ക് ജോലി ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതികളും മറ്റ് കീഴ്കോടതികളും നിശ്ചിത വ്യവസ്ഥയ്ക്കുള്ളില്‍ തുറന്നുപ്രവര്‍ത്തിക്കണമെന്നും അത്യാവശ്യമുള്ള കേസുകള്‍ മാത്രം വെര്‍ച്വലായി പരിഗണിക്കണമെന്നും മിശ്ര ആവശ്യപ്പെടുന്നു.

Related post