• June 15, 2021

ബെവ്ക്യൂ ആപ്പ് ഉച്ചയോടെ പ്ലേസ്റ്റോറില്‍ ലഭ്യമാകും

 ബെവ്ക്യൂ ആപ്പ് ഉച്ചയോടെ പ്ലേസ്റ്റോറില്‍ ലഭ്യമാകും

മദ്യവില്‍പ്പനയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ്ക്യൂ ഇന്ന് ഉച്ചയോടെ പ്ലേ സ്റ്റോറില്‍ ലഭ്യമാകും. എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഇന്ന് മാധ്യമങ്ങളെ കാണും. അപ്പോഴാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. അതേസമയം, ആപ്പിനെതിരായ അഴിമതി ആരോപണം തള്ളി മന്ത്രി എകെ ബാലന്‍ രംഗത്തെത്തി. രണ്ടരലക്ഷം രൂപയുടെ പദ്ധതിയില്‍ ആരോപിക്കുന്നത് കോടികളുടെ അഴിമതിയാണ്. അഴിമതിയുണ്ടെങ്കില്‍ അന്വേഷണം ആവശ്യപ്പെടണമെന്ന് മന്ത്രി പറഞ്ഞു.

എട്ട് ലക്ഷം പേര്‍ ഒരു സമയം ഈ ആപ്പില്‍ എത്തിയാല്‍ പോലും സെര്‍വറിന് ഒരു തകരാറും സംഭവിക്കില്ലെന്നാണ് ഫെയര്‍കോഡ് നല്‍കുന്ന ഉറപ്പ്. നിസ്സഹകരണം പ്രഖ്യാപിച്ച 30 ബാറുകളെ ആപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ 1100 ല്‍ താഴെ ബാറുകളാകും ബെവ്ക്യു ആപ്പുമായി കൈകോര്‍ക്കുക. ആപ്പ് സജ്ജമായാല്‍ തൊട്ടടുത്ത ദിവസം തന്നെ മദ്യ വില്‍പന തുടങ്ങാന്‍ തയാറാകാന്‍ ബെവ്കോ എംഡി നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെയര്‍ ഹൗസുകളില്‍ നിന്ന് സ്റ്റോക്കുകള്‍ ബാറുകളിലേക്ക് എത്തിക്കുക, എക്സൈസ് വകുപ്പുകള്‍ കണക്കുകള്‍ തിട്ടപ്പെടുത്തുക തുടങ്ങിയ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ബാറുകള്‍ അണുവിമുക്തമാക്കുന്ന നടപടികളും നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

Related post