• May 13, 2021

ആസാദ് സമാജ് പാര്‍ട്ടി; പ്രഖ്യാപനവുമായി ചന്ദ്രശേഖര്‍ ആസാദ്

 ആസാദ് സമാജ് പാര്‍ട്ടി; പ്രഖ്യാപനവുമായി ചന്ദ്രശേഖര്‍ ആസാദ്

ആസാദ് സമാജ് പാര്‍ട്ടിയുമായി ചന്ദ്രശേഖര്‍ ആസാദ്. ബി.എസ്.പി. സ്ഥാപകന്‍ കാന്‍ഷിറാമിന്റെ ജന്മവാര്‍ഷികദിനത്തിലാണ് ദളിത് സംഘടനയായ ഭീം ആര്‍മിയുടെ നേതാവായ ചന്ദ്രശേഖര്‍ ആസാദ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. നോയ്ഡയിലെ സഫായ് ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ കൊടിയും പ്രകാശനം ചെയ്തു. നീലനിറത്തിലുള്ള പതാകയുടെ നടുവില്‍ വെള്ളയില്‍ ആസാദ് സമാജ് പാര്‍ട്ടി എന്ന് എഴുത്തുമുണ്ട്. ദളിത് അവകാശങ്ങള്‍ക്കായി ഭീം ആര്‍മിക്ക് സമാന്തരമായി ആസാദ് സമാജ് പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും ആസാദ് വ്യക്തമാക്കി.

2022ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ആസാദ് പുതിയ പാര്‍ട്ടിയുണ്ടാക്കിയത്. ദളിതരുടെയും പിന്നാക്കക്കാരുടെയും മുസ്ലിങ്ങളുടെയും പിന്തുണയോടെ പാര്‍ട്ടിയെ വളര്‍ത്താമെന്നാണ് പ്രതീക്ഷ. മായാവതിയുടെ ബി.എസ്.പി. നിലവില്‍ കൈയടക്കിവെച്ചിരിക്കുന്ന വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ ആസാദിന് കഴിഞ്ഞേക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. പൗരത്വനിയമഭേദഗതിയടക്കമുള്ള പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ആസാദ് പോര്‍മുഖം തുറന്നിരുന്നു.

Related post