• October 28, 2021

നീതിയെന്നാല്‍ പ്രതികാരമല്ല – എസ്.എ ബോംബ്ഡെ

 നീതിയെന്നാല്‍  പ്രതികാരമല്ല – എസ്.എ ബോംബ്ഡെ


നീതി എന്നാല്‍ പ്രതികാരമല്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. പ്രതികാരമായാല്‍ നീതിയുടെ സ്വഭാവം നഷ്ടമാകും. നീതി ഉടനടി സംഭവിക്കുന്ന ഒന്നല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈദരാബാദില്‍ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ വെടിവച്ച് കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
കോടതികളില്‍ നീതി നടപ്പാക്കുന്നതിലെ കാലതാമസമാണ് ജനങ്ങള്‍ ഹൈദരാബാദ് പൊലീസിന്റെ നടപടിയെ പുകഴ്ത്തുന്നതിന് കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടെ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

ഹൈദരാബാദ് കേസിലെ പ്രതികളെ ഇന്നലെ പുലര്‍ച്ചെയാണ് പൊലീസ് വെടിവച്ച് കൊന്നത്. തെളിവെടുപ്പിനിടെ കുറ്റകൃത്യം പുനഃരാവിഷ്‌കരിക്കുമ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് പ്രതികള്‍ക്ക് നേരെ വെടിവച്ചത്. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് കൊന്നത്. കേസില്‍ നാല് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പൊലീസ് നടപടിയെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Related post