• June 15, 2021

ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയ്ക്ക് കോവിഡ്

 ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയ്ക്ക് കോവിഡ്

 ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സിഎന്‍എന്‍ ബ്രസീലിന് നല്‍കിയ ലൈവ് ഇന്റര്‍വ്യൂവില്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു. ചികിത്സയുടെ ഭാഗമായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റ് ബൊല്‍സൊനാരോയ്ക്കും രോഗം സ്ഥിരീകരിക്കുന്നത്. ലോകത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. 65,000ല്‍ അധികം മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 16 ലക്ഷത്തിലധികം ആളുകള്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  

നേരത്തെ കോവിഡിനെ നിസ്സാരവല്‍ക്കരിച്ച് സംസാരിക്കുകയും നിയന്ത്രണത്തിനായി രാജ്യം അടച്ചിട്ടതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു ബൊല്‍സൊനാരോ. കോവിഡ് ഒരു കെട്ടുകഥയാണെന്നും വിഭ്രാന്തിയുള്ളവരാണ് അതിനു മുന്‍കരുതലെടുക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതൊരു ചെറിയ പനിയല്ലേ, എന്തിനാണ് ഇത്രയേറെ ഒച്ചയുണ്ടാക്കുന്നത് എന്നാണ് നേരത്തെ അദ്ദേഹം ചോദിച്ചത്. 

അടച്ചിടല്‍ രാജ്യത്തെ തൊഴിലുകള്‍ നഷ്ടപ്പെടുത്തുന്നതായും അത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്ത് അടച്ചിടല്‍ നടപ്പാക്കിയിട്ടുള്ള സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കെതിരേയും ബൊല്‍സൊനാരോ വിമര്‍ശനമുന്നയിച്ചിരുന്നു. നിയന്ത്രണങ്ങള്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

Related post