• May 15, 2021

കൗണ്ട്ഡൗണ്‍ തുടങ്ങി; ഇന്ന് ബ്രിട്ടന്‌റെ അവസാന ദിനം

 കൗണ്ട്ഡൗണ്‍ തുടങ്ങി; ഇന്ന് ബ്രിട്ടന്‌റെ അവസാന ദിനം

യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ ഇന്ന് പടിയിറങ്ങും. രാത്രി 11ന് 47 വര്‍ഷത്തെ സഹവാസം അവസാനിപ്പിച്ച് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്താകും. പിന്നെ 11 മാസം ബ്രെക്സിറ്റ് പരിവര്‍ത്തന കാലം. ബ്രിട്ടന്‍ പുറത്താകുന്നതോടെ ഇയു അംഗങ്ങളുടെ എണ്ണം 27 ആകും. 751 അംഗ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ബ്രിട്ടന്റെ 73 പേര്‍ ഇനിയുണ്ടാകില്ല. 11 മാസത്തെ പരിവര്‍ത്തനകാലത്തിനിടെ ഇനി ബ്രിട്ടന്‍ ഇയുവുമായി വ്യാപാര കരാറിലെത്തണം. ഇക്കാര്യത്തില്‍ ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ ഗുണകരമായ കരാര്‍ നേടുക ബ്രിട്ടനെ കാത്തിരിക്കുന്ന വെല്ലുവിളിയാകും.

2016 ജൂണിലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ഹിതപരിശോധനയില്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചത്. അതിനാവശ്യമായ കരാറിലെത്തുന്നത് നീണ്ടുപോയതോടെ രണ്ട് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നു. കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കടുത്ത ബ്രെക്സിറ്റ് വാദിയായ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് വന്‍ ഭൂരിപക്ഷം ലഭിച്ചതോടെയാണ് സഖ്യം വിടല്‍ യാഥാര്‍ഥ്യമാകാന്‍ അവസാനത്തെ പ്രധാന കടമ്പ കടന്നത്. ജോണ്‍സണ്‍ ഇയു നേതൃത്വവുമായുണ്ടാക്കിയ വ്യവസ്ഥകളാണ് ബുധനാഴ്ച യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചത്.

Related post