• October 28, 2021

ഹാരി രാജകുമാരന് ജോലി വാഗ്ദാനം; വൈറലായി ബര്‍ഗര്‍ കിങ് ട്വീറ്റ്

 ഹാരി രാജകുമാരന് ജോലി വാഗ്ദാനം; വൈറലായി ബര്‍ഗര്‍ കിങ്  ട്വീറ്റ്

രാജകീയ പദവികള്‍ വിട്ടൊഴിഞ്ഞ ഹാരി രാജകുമാരന് കാനഡയില്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനവുമായി ബര്‍ഗര്‍ കിങ്. ട്വിറ്ററിലൂടെയാണ് ബര്‍ഗര്‍ കിങ് ഈ പ്രഖ്യാപനം നടത്തിയത്. ‘ഈ റോയല്‍ ഫാമിലി പാര്‍ട്ട് ടൈം ജോലികള്‍ ഓഫര്‍ ചെയ്യുന്നു’വെന്നായിരുന്നു ട്വീറ്റ്. നിമിഷങ്ങള്‍ക്കകം ട്വീറ്റ് വൈറലായി. ചിലര്‍ ട്വീറ്റിനെ അനുകൂലിച്ചും ചിലര്‍ കുറ്റപ്പെടുത്തിയും രംഗത്തെത്തി.

ഇതല്‍പ്പം കടന്ന സര്‍കാസം ആയിപ്പോയെന്നായിരുന്നു ചിലര്‍ കുറിച്ചത്. ഹാരി രാജകീയ പദവിയെ ഉപേക്ഷിച്ചുള്ളൂ, അഭിമാനവും വ്യക്തിത്വവും ആര്‍ക്കും പണയപ്പെടുത്തിയിട്ടില്ലെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് ബര്‍ഗര്‍ കിങിന് മറുപടി നല്‍കി. ചില വിരുതന്‍മാരാകട്ടെ, മേഗന്‍ സമ്മതിക്കുമോ എന്ന മറുചോദ്യമാണ് ഉന്നയിച്ചത്. ലോകത്തെ തന്നെ ഞെട്ടിച്ചാണ് ഹാരിയും മേഗനും കൊട്ടാരം വിടാനുള്ള തീരുമാനം പരസ്യപ്പെടുത്തിയത്. കാനഡയില്‍ കഴിയുന്ന മകനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനും സാമ്പത്തികമായി സ്വതന്ത്രരാകാനും വേണ്ടി രാജകീയ പദവികള്‍ ഉപേക്ഷിക്കുകയാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പ്രഖ്യാപിച്ചത്. ഇരുവരുടെയും തീരുമാനത്തെ മാനിക്കുന്നുവെന്ന് എലിസബത്ത് രാജ്ഞിയും പിന്നീട് വ്യക്തമാക്കിയിരുന്നു.

Related post