• August 2, 2021

പൗരത്വ നിയമത്തിനെതിരായി നല്‍കിയ അറുപതോളം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

 പൗരത്വ നിയമത്തിനെതിരായി നല്‍കിയ അറുപതോളം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന്  പരിഗണിക്കും

രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജിക്കുമ്പോള്‍ പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്തുള്ള അറുപതോളം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും.
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണു കേസുകള്‍ പരിഗണിക്കുക.
നിയമം റദ്ദാക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ ചൊവ്വാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചിരുന്നു.
മിക്ക പ്രതിപക്ഷ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഹര്‍ജി നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാകും ഇവര്‍ക്കുവേണ്ടി ഹാജരാവുക. മുസ്ലിം ലീഗ്, ഓള്‍ അസം വിദ്യാര്‍ഥി യൂണിയന്‍, അസം ഗണപരിഷത്ത്, ഓള്‍ അസം അഭിഭാഷക അസോസിയേഷന്‍ തുടങ്ങിയവയുടെയും തൃണമൂല്‍ എംപി മൊഹുവ മൊയ്ത്രയുടെയും ഹര്‍ജികളാണു പട്ടികയിലുള്ളത്. കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ അധ്യക്ഷനായ കേരള മുസ്ലിം ജമാഅത്തും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടി.എന്‍. പ്രതാപന്‍ എം.പി, നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി, ഡി.വൈ.എഫ്.ഐ എന്നിവരും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. എന്‍.ആര്‍.സി കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ തിരക്ക് പിടിച്ച് പുതിയ നിയമം കൊണ്ടുവന്നതിനെയാണ് അസമിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കം എതിര്‍ക്കുന്നത്. നിയമം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര ജനതയെ അസ്ഥിരമാക്കുമെന്ന് ഹര്‍ജികളില്‍ ആശങ്കപ്പെട്ടു. ഇതിന് പുറമേ വിവിധ മുസ്ലിം സംഘടനകള്‍ നല്‍കിയ ഹര്‍ജികളും കോടതി പരിഗണിക്കും.

Related post