• November 30, 2021

ബാലഭാസ്‌കരിൻ്റെ മരണം സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

 ബാലഭാസ്‌കരിൻ്റെ മരണം സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ കാറപകടത്തില്‍ മരിച്ച കേസിൻ്റെ അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. മകൻ്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അതുകൊണ്ട് കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കരിൻ്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തൂടര്‍ന്ന് ഡിജിപി കേസ് അന്വേഷിക്കുന്ന സംഘത്തിൻ്റെ യോഗം വിളിച്ചിരുന്നു. ബാലഭാസ്‌കറിൻ്റെ മരണത്തില്‍ അസ്വഭാവികത ഇല്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിൻ്റെ റിപ്പോര്‍ട്ട്. എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരാനുണ്ടെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാകുമെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു. എന്നാല്‍ ഏറെ ചര്‍ച്ചയായ കേസായതിനാല്‍ സിബിഐ അന്വേഷണം വേണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്ന നിലപാടാണ് ഡിജിപി എടുത്തത്.
2018 സെപ്തംബര്‍ 25 ന് തിരുവനന്തപുരം പള്ളിപ്പുരത്ത് വെച്ച് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്‌കരും കുടുംബവും അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ഭാര്യ ലക്ഷമിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അമിതവേഗമാണ് അപകടത്തിന് കാരണമെന്നായിരുന്നു തുടക്കത്തിലെ റിപ്പോര്‍ട്ട്. എന്നാല്‍ അപകട സമയത്ത് ആരാണ് വാഹനമോടിച്ചതെന്ന മൊഴികളിലെ ആശയക്കുഴപ്പമാണ് ദുരൂഹതയ്ക്കിടയാക്കിയത്. കൂടാതെ ബാലഭാസ്‌കറിൻ്റെ കൂടെ ഉണ്ടായിരുന്ന വിഷ്ണു, പ്രകാശ് തമ്പി എന്നിവര്‍ കള്ളകടത്ത് കേസില്‍ പിടിയിലായതോടെ കേസിന് പുതിയമാനം വന്നു.

Related post