• November 27, 2021

കൊവിഡ് പടര്‍ന്ന് പിടിച്ച ആറ് മഹാനഗരങ്ങളിലേക്ക് കേന്ദ്രസംഘത്തെ നിയോഗിച്ചു

 കൊവിഡ് പടര്‍ന്ന് പിടിച്ച ആറ് മഹാനഗരങ്ങളിലേക്ക് കേന്ദ്രസംഘത്തെ നിയോഗിച്ചു

കൊവിഡ് പടര്‍ന്ന് പിടിച്ച മുംബൈ അടക്കം ആറ് മഹാനഗരങ്ങളിലേക്ക് കേന്ദ്രസംഘത്തെ നിയോഗിച്ചു. സംസ്ഥാന ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്തുകയാണ് ലക്ഷ്യം. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പോസിറ്റീവ് കേസുകള്‍ ഉയരുകയാണ്. മധ്യപ്രദേശില്‍ കൊവിഡ് കേസുകള്‍ 10,000 കടന്നു.

മുംബൈ, അഹമ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ബംഗളൂരു എന്നീ മഹാനഗരങ്ങളിലാണ് ഓരോ കേന്ദ്രസംഘത്തെ വീതം നിയോഗിച്ചത്. സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പും മുനിസിപ്പല്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പദ്ധതികള്‍ തയാറാക്കി രോഗവ്യാപനം പിടിച്ചുനിര്‍ത്തുകയാണ് കേന്ദ്രസംഘത്തിന്റെ ലക്ഷ്യം. ആദ്യപടിയായി നഗരങ്ങളിലെ സ്ഥിതി അവലോകനം ചെയ്യും. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കും. സന്ദര്‍ശനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ടും സമര്‍പ്പിക്കും.

തമിഴ്നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായി. 24 മണിക്കൂറിനിടെ 1927 പോസിറ്റീവ് കേസുകളും 19 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ 36841 ആയി. ഇതുവരെ 326 പേര്‍ മരിച്ചു. ചെന്നൈയില്‍ കൊവിഡ് കേസുകള്‍ കാല്‍ലക്ഷം കടന്നു. ഡല്‍ഹിയില്‍ ആശങ്കയുണ്ടാക്കി മരണനിരക്ക് ഉയരുകയാണ്. ഇന്നലെ 48 പേര്‍ മരിച്ചു. 1501 പേര്‍ കൂടി രോഗികളായി. ആകെ പോസിറ്റീവ് കേസുകള്‍ 32810ഉം മരണം 984ഉം ആയി. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 34 മരണവും 510 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകള്‍ 21554ഉം മരണം 1347ഉം ആയി ഉയര്‍ന്നു.

Related post