• May 15, 2021

ചാര്‍ലിയായി മാധവന്‍ ടെസയാകാന്‍ ഇവരില്‍ ആര്?

 ചാര്‍ലിയായി മാധവന്‍ ടെസയാകാന്‍ ഇവരില്‍ ആര്?

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം ചാര്‍ലിയുടെ തമിഴ് പതിപ്പ് എത്തുന്നു. ദുല്‍ഖര്‍ സല്‍മാന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചാര്‍ലിയുടെ തമിഴ് റീമേക്ക് എത്തുമ്പോള്‍ ചാര്‍ലിയായി പ്രേക്ഷകരെ വിസ്മയിപ്പിക്കാനെത്തുന്നത് മാധവനാണ്.


മാര എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പാര്‍വതി അഭിനയിച്ച ടെസ എന്ന കഥാപാത്രമായെത്തുന്നത് ആരെന്നായിരുന്നു ചര്‍ച്ച. സായി പല്ലവിയെ നായികയാക്കിയാണ് ചിത്രം ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ സായി പല്ലവി ചിത്രത്തിലുണ്ടാകില്ല. പകരം ടെസയായി എത്തുന്നത് ശ്രദ്ധ ശ്രീനാഥാണ്. വിക്രം വേദയ്ക്കു ശേഷം മാധവനും ശ്രദ്ധയും ജോഡികളായെത്തുന്ന ചിത്രമാണിത്. അപര്‍ണ ഗോപിനാഥിന്റെ റോളില്‍ ശിവദയുമെത്തും

നവാഗതനായ ദിലീപ് ആണ് സംവിധാനം. കല്‍ക്കി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ദിലീപ്. സായ് പല്ലവിയെ നായികയാക്കി സംവിധായകന്‍ എ എല്‍ വിജയ് ആണ് ചാര്‍ലിയുടെ തമിഴ് റീമേക്ക് ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് ആ പ്രൊജക്ട് നടന്നില്ല. അതിനു ശേഷം ദിലീപ് ആ പ്രൊജക്ട് ഏറ്റെടുക്കുകയായിരുന്നു.

Related post