• October 17, 2021

കോവിഡ് കാലത്ത് കുട്ടികളുടെ നഗ്നത തിരയുന്ന മലയാളി; കുട്ടികള്‍ കച്ചവടച്ചരക്ക് ആകുന്നതിന് പിന്നില്‍ മാതാപിതാക്കളോ?

 കോവിഡ് കാലത്ത് കുട്ടികളുടെ നഗ്നത തിരയുന്ന മലയാളി; കുട്ടികള്‍ കച്ചവടച്ചരക്ക് ആകുന്നതിന് പിന്നില്‍ മാതാപിതാക്കളോ?

പാനൂര്‍ കേസിലെ കുട്ടിക്ക് പ്രായം പത്ത് വയസ്. സ്വന്തമായി ഫെയ്സ് ബുക്കും വാട്സ് ആപ്പും. അപകടം ഒളിച്ചിരിക്കുന്നത് ഉള്ളം കൈയില്‍ തന്നെയാണ്. നമ്മുടെ കുട്ടികള്‍ നമ്മുക്ക് മാത്രമാണ് കുഞ്ഞുങ്ങള്‍. നമ്മുടെ വീടുകളില്‍ ഫെയ്സ്ബുക്കും വാട്സ് ആപ്പും, ഇന്‍സ്റ്റാഗ്രാമും കുട്ടികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ആദ്യം ഒന്നെതിര്‍ക്കും. പിന്നെ കാണാത്ത മട്ടിലുള്ള അവസ്ഥ. ഈ കൂസലില്ലായ്മക്ക് വലിയ വിലകൊടുക്കേണ്ടി വരും എന്നത് സംശയമില്ലാത്ത കാര്യമാണ്.

ഇന്നത്തെ കുട്ടികള്‍ പ്രായത്തില്‍ മാത്രമാണ് കുട്ടികള്‍. അവര്‍ പലതും അറിയുന്നതും കേള്‍ക്കുന്നതും തെറ്റായ മാര്‍ഗ്ഗത്തിലൂടെയാണ്. അപ്പുറത്തെ വീട്ടിലെ കുട്ടിയുടെ സ്വഭാവദൂഷ്യം അന്വേഷിക്കാന്‍ വെമ്പല്‍ കൊള്ളുന്ന നമ്മളില്‍ പലര്‍ക്കും സ്വന്തം കുട്ടികളുടെ കാര്യം വരുമ്പോള്‍ ന്യായീകരണങ്ങള്‍ ഏറെയാണ്. മലയാളിയുടെ ലൈംഗീക വൈകൃതങ്ങള്‍ക്ക് തടയിടാന്‍ ഒരുങ്ങുകയാണ് കേരള പൊലീസ്.

ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ തിരഞ്ഞ 150 ആളുകളെ തിരിച്ചറിഞ്ഞെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റില്‍ മുഴുകുന്ന കുട്ടികളെ പാട്ടിലാക്കാന്‍ പ്രത്യേകസംഘങ്ങളുണ്ടെന്നും കേരളത്തില്‍ നിന്നുള്ളതടക്കം ഒട്ടേറെ ചിത്രങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ കണ്ടെത്താന്‍ നടപടി തുടങ്ങി.

കേരളാ പൊലീസിന്റെ സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്നത അന്വേഷിക്കുന്നവരുടെ എണ്ണം കൂടിയതായി കണ്ടെത്തിയത്. കുട്ടികളെ പലതും പറഞ്ഞ് പാട്ടിലാക്കി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ ഡാര്‍ക്ക്നെറ്റുകളിലും ടെലഗ്രാം, വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സൈബര്‍ ഡോം നിരീക്ഷണം നടത്തിയത്.

തുടര്‍ച്ചയായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു കൊണ്ട് കണ്ടെത്തി അവരുടെ വെബ് ക്യാം അടക്കമുള്ളവ ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോകളും സംഘടിപ്പിക്കുന്ന ചില സൈബര്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ കേരളത്തിലെ ഫ്ളാറ്റുകളിലും മറ്റും ചിത്രീകരിച്ച സ്വകാര്യദൃശ്യങ്ങള്‍ വരെ കണ്ടെത്തുകയായിരുന്നു.

മാതാപിതാക്കള്‍ അടക്കമുള്ളവര്‍ കുട്ടികളുടെ ഈക്കാലയളവിലെ ഇന്റര്‍നെറ്റ് ഉപയോഗം കൃത്യമായി നിരീക്ഷിക്കണമെന്ന നിര്‍ദേശവും സൈബര്‍ ഡോം മുന്നോട്ടുവയ്ക്കുന്നുണ്ട്. അതേ സമയം ഒരിടവേളയ്ക്കു ശേഷം ഇത്തരം ചിത്രങ്ങള്‍ കാണുന്നതിനായുള്ള വാട്സ് ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകള്‍ രൂപപ്പെട്ടതായും തിരിച്ചറിഞ്ഞു.ടെലഗ്രാമില്‍ ഇതു റിപ്പോര്‍ട്ട് ചെയ്ത് നിര്‍ത്തലാക്കി. എന്നാല്‍ അതിന്റെ അഡ്മിന്‍മാര്‍ ആരാണെന്നുള്ള വിവരം ടെലഗ്രാമില്‍ നിന്ന് ലഭിക്കുവാനുണ്ട്. അതിനുള്ള നടപടികള്‍ ആരംഭിച്ചതായും തിരിച്ചറിഞ്ഞാല്‍ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും സൈബര്‍ ഡോം വ്യക്തമാക്കി. മാത്രമല്ല ലോക്ക് ഡൗണ്‍ കാലത്ത് ചൈല്‍ഡ് പോണോഗ്രഫിയ്ക്കായുള്ള തിരച്ചിലുകള്‍ കേരളത്തില്‍ വര്‍ധിച്ചതായും റിപ്പോട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ടാണ് (ഐസിപിഎഫ്) ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഓണ്‍ലൈന്‍ സേര്‍ച്ചുകള്‍ നിരീക്ഷിക്കുന്ന ഡേറ്റ മോണിറ്ററിങ് വെബ്ൈസറ്റുകളിലെ കീവേഡുകള്‍ പരിശോധിച്ചാണ് ഐസിപിഎഫ് റിപ്പോര്‍ട്ട് തയാറാക്കിയത്. ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് വിഡിയോകള്‍ വളരെ കൂടുതലായി തിരയുന്ന പട്ടണങ്ങളുടെ കൂട്ടത്തില്‍ കൊച്ചിയും ഉള്‍പ്പെടുന്നതായി ഐസിപിഎഫ് ചൂണ്ടിക്കാട്ടുന്നു.

എത്രകൊണ്ടാലും പഠിക്കാത്തവരായി മാറിയിരിക്കുകയാണ് മലയാളി. അങ്ങനെയൊന്നും എന്റെ കുട്ടിക്ക് സംഭവിക്കില്ല എന്ന അമിത ആത്മവിശ്വാസം. അത് അപകടത്തിലേക്കാണ് കുട്ടികളെ കൊണ്ടുചെന്ന് എത്തിക്കുന്നത്. കുട്ടികള്‍ സമൂഹ മാധ്യമങ്ങളിലൂടെ എന്തൊക്കെ കാണുന്നു കേള്‍ക്കുന്നു എന്ന് മനസ്സിലാക്കുകയെങ്കിലും ചെയ്യണം. നാളെ സ്വന്തം കുടുംബത്തില്‍ നിന്നും ഒരു നിലവിളി ഉണ്ടാവാതിരിക്കാനെങ്കിലും മാതാപിതാക്കാളെ നിങ്ങള്‍ കണ്ണ് തുറക്കുക.

Related post