• October 23, 2021

കൊവിഡ് 19: ഒന്നിച്ചു പോരാടാനൊരുങ്ങി ചൈനയും അമേരിക്കയും

 കൊവിഡ് 19: ഒന്നിച്ചു പോരാടാനൊരുങ്ങി ചൈനയും അമേരിക്കയും

കൊറോണ വൈറസിനെതിരായി ഒന്നിച്ചു പോരാടാനൊരുങ്ങി ചൈനയും അമേരിക്കയും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതിന് ശേഷം ട്വിറ്ററിലൂടെയാണ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ‘ചൈനീസ് പ്രസിഡന്റ് ഷിയുമായുള്ള ഒരു നല്ല സംഭാഷണം ഇതാ ഇപ്പോള്‍ അവസാനിപ്പിച്ചതേയുള്ളൂ. നമ്മുടെ ഗ്രഹത്തിന്റെ വലിയ ഭാഗങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ കുറിച്ച് വളരെ വിശദമായി തന്നെ സംസാരിച്ചു. കൊറോണയിലൂടെ വളരെധികം കടന്നുപോയ രാജ്യമാണ് ചൈന. വൈറസിനെ കുറിച്ച് വളരെ ശക്തമായ ധാരണ അവര്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. വളരെയധികം ബഹുമാനം.’ -ട്വീറ്റില്‍ ട്രംപ് കുറിച്ചു.

രണ്ടു വര്‍ഷങ്ങളായി ചൈനയും അമേരിക്കയും തമ്മില്‍ തുടരുന്ന വ്യാപാര തര്‍ക്കങ്ങള്‍ക്കിടയിലാണ് ഇരുരാജ്യങ്ങളുടെയും തലവന്മാര്‍ തമ്മില്‍ നേരില്‍ സംസാരിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആദ്യഘട്ട വാണിജ്യ കരാര്‍ ഒപ്പിട്ടതോടെയാണ് പ്രശ്നങ്ങള്‍ ഭാഗികമായി പരിഹരിക്കപ്പെട്ടത്. കൊറോണക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഒന്നിച്ച് മുന്നോട്ടുപോകാനുള്ള തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്.

‘യുഎസ്-ചൈന ബന്ധം നിര്‍ണായക ഘട്ടത്തിലാണ് ബന്ധം മെച്ചപ്പെടുത്തുന്നതില്‍ യുഎസ് കാര്യമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ ട്രംപുമായുള്ള ടെലഫോണ്‍ സംഭാഷണത്തിന് ശേഷം ചൈനീസ് പ്രസിഡന്റ് പറഞ്ഞു. തങ്ങള്‍ക്കുണ്ടായ അനുഭവങ്ങളും കൊറോണ വൈറസുമായി ബന്ധപ്പെട്ട അറിവുകളും പങ്കുവെക്കാന്‍ തയ്യാറാണെന്നും യുഎസിലേക്ക് ഇപ്പോള്‍ തന്നെ ചൈനയില്‍ നിന്ന് മെഡിക്കല്‍ സപ്ലൈ നടത്തുന്നുണ്ടെന്നും ഷി പറഞ്ഞതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ അനുഭവം തനിക്ക് ”വലിയ പ്രചോദനമാണ്” നല്‍കിയതെന്നും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യുഎസിലെ ചൈനീസ് പൗരന്മാരെ അമേരിക്ക സംരക്ഷിക്കുമെന്നും ട്രംപ് ചൈനീസ് പ്രസിഡന്റിന് ഉറപ്പുനല്‍കിയതായും ചൈനീസ് മാധ്യമങ്ങള്‍ രിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Related post