• October 16, 2021

ചൈന സാധാരണ നിലയിലേക്ക് ; ഹുബെയ് പ്രവിശ്യയിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു

 ചൈന സാധാരണ നിലയിലേക്ക് ; ഹുബെയ് പ്രവിശ്യയിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ ഉള്‍ക്കൊള്ളുന്ന ഹുബെയ് പ്രവിശ്യയില്‍ ലോക്ക് ഡൗണ്‍ ചൈനീസ് സര്‍ക്കാര്‍ പിന്‍വലിച്ചു. പ്രവിശ്യയില്‍ ട്രയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. ചൈനീസ് ഔദ്യോഗിക മാദ്ധ്യമത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി എ.എഫ്.പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ വൈറസ് ഏറ്റവും കൂടുതല്‍ അപകടം വിതച്ച വുഹാനില്‍ നിയന്ത്രണങ്ങള്‍ തുടരും. ഏപ്രില്‍ എട്ടു മുതല്‍ ഇവിടുത്തെ നിയന്ത്രണങ്ങള്‍ നീക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. രണ്ടു മാസത്തെ ലോക്ക് ഡൗണിന് ശേഷമാണ് ചൈന ഹുബെയ് പ്രവിശ്യയിലെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത്. ജനുവരി 23 മുതലാണ് പ്രവിശ്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. അറുപതു ലക്ഷം പേരെയാണ് ലോക്ക് ഡൗണ്‍ നേരിട്ടു ബാധിച്ചത്. പൊതുഗതാഗത സംവിധാനം തുറന്നെങ്കിലും സ്‌കൂളുകള്‍ തുറന്നിട്ടില്ല. വന്മതിലിന്റെ ചില ഭാഗങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നിട്ടുണ്ട്.

പുതിയ കേസുകളില്ല മാര്‍ച്ച് 19 മുതല്‍ തുടര്‍ച്ചയായ അഞ്ചു ദിവസങ്ങളില്‍ ഹുബെയ് പ്രവിശ്യയില്‍ ഒരു കോവിഡ് കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫെബ്രുവരിയില്‍ ദിനംപ്രതി ആയിരക്കണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നാണ് കടുത്ത നിയന്ത്രങ്ങള്‍ മൂലം ഹുബെയ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അതിനിടെ, ചൊവ്വാഴ്ച ഹുബെയ് ജനറല്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related post