• August 2, 2021

പൗരത്വ ഭേദഗതി ബില്ലില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ

 പൗരത്വ ഭേദഗതി ബില്ലില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബില്ല് നടപ്പാക്കുന്ന കാര്യത്തില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്നെന്നും പിന്നോട്ടു പോകുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാരിന്‌റെ ഉറച്ച തീരുമാനമാണ്.’അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ മാത്രമാണ് പൊലീസ് നടപടികളുണ്ടായിരിക്കുന്നത്. അല്ലാത്ത വിദ്യാര്‍ഥികള്‍ക്കെതിരെ ഒരു നടപടിയുമെടുത്തിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഒന്നും പൗരത്വ ഭേദഗതി നിയമത്തിലില്ല. പൗരത്വ നിയമത്തെ കുറിച്ച് പ്രതിപക്ഷം തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണ്. തലസ്ഥാനത്ത് സമാധാനാന്തരീക്ഷം ഉറപ്പുവരുത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്” അമിത് ഷാ പറഞ്ഞു.അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ വിവിധ ക്യാംപസുകളില്‍ പ്രതിഷേധം തുടരുകയാണ്. ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍, വിദ്യാര്‍ഥികളുടെ പ്രതിഷേധം ജനാധിപത്യപരമായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.അതേസമയം കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പൗരത്വ നിയമത്തില്‍ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്. ബില്‍ ഒരു പൗരനും ഒരു ദോഷവും ചെയ്തിട്ടില്ല. ഇന്ത്യയിലെ മുസ്ലീങ്ങളെ ഭയപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മോദി വിമര്‍ശിച്ചു. യുവാക്കള്‍ ജനാധിപത്യപരമായി പ്രതിഷേധിക്കണം. ഞങ്ങള്‍ നിങ്ങളെ കേള്‍ക്കാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Related post