• August 2, 2021

പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം

 പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം

പൗരത്വ ഭേദഗതി ബില്ല് ലോകസഭയില്‍ പാസായതോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി. അസമില്‍ 12 മണിക്കൂര്‍ ബന്ദ്. സംസ്ഥാനത്തുടനീളം വ്യാപക അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവിധയിടങ്ങളില്‍ നിരോധനാഞ്ജയും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെയാണ് ലോകസഭയില്‍ ബില്ല് പാസാക്കിയത്. ഇതിന് പിന്നാലെയാണ് അസമില്‍ അക്രമം വ്യാപകമായത്. ചെറുപാര്‍ട്ടികളുമായി ചേര്‍ന്ന് നാളെ രാജ്യസഭയില്‍ ബില്ല് പാസാക്കാനാണ് നീക്കം.
അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങളില്‍ വന്‍ സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചും റയില്‍ ഗതാഗതം തടസ്സപ്പെടുത്തിയും ഇവിടുങ്ങളില്‍ പ്രതിഷേധം. ബില്ലിൻ്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും മണിപ്പൂരിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പുലര്‍ച്ചെ അഞ്ച് മണിയ്ക്കാണ് അസമില്‍ ബന്ദ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അസം ഗണപരിഷത്ത് നേതാക്കളുടെയുമൊക്കെ നേരെ വലിയ പ്രതിഷേധമാണ് ഉണ്ടാവുന്നത്. ഓള്‍ അസം സ്റ്റുഡന്‌റ്‌സ് യൂണിയന്‍ പോലുള്ള സംഘടനകളാണ് സംസ്ഥാനത്ത് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.
പാകിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനുള്ള അനുമതി നല്‍കുന്നതാണ് പൗരത്വ ഭേദഗതി ബില്ല്. ഈ ആളുകളുടെ പ്രവേശനം തങ്ങള്‍ക്ക് അപകടം ഉണ്ടാക്കുമെന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തദ്ദേശവാസികളുടെ ആശങ്കയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം.

Related post