• July 27, 2021

വേനലില്‍ മഴ പെയ്യും, അല്ല പെയ്യിക്കും; യുഎഇയില്‍ പരീക്ഷണം അന്തിമഘട്ടത്തില്‍

 വേനലില്‍ മഴ പെയ്യും, അല്ല പെയ്യിക്കും; യുഎഇയില്‍ പരീക്ഷണം അന്തിമഘട്ടത്തില്‍

വേനല്‍ക്കാലത്തും മഴപെയ്യിക്കാനുള്ള സാധ്യത തേടി ശാസ്ത്രജ്ഞര്‍. ശാസ്ത്രീയ രീതിയുടെ പരീക്ഷണം യുഎഇയില്‍ അന്തിമഘട്ടത്തില്‍ എന്നാണ് റിപ്പോര്‍ട്ട്. മഴമേഘങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കാനുള്ള ഗവേഷണം പുരോഗമിക്കുന്നതിനിടെ, കൂടുതല്‍ രാസസംയുക്തങ്ങള്‍ മഴമേഘങ്ങളില്‍ വിതറി മഴ ലഭ്യത കൂട്ടാനും സാധാരണ മേഘത്തെ മഴമേഘമാക്കി മഴപെയ്യിക്കാനും കഴിയുമെന്നാണു പ്രതീക്ഷ. മേഘങ്ങളെക്കുറിച്ചു പഠിക്കാന്‍ 12 തവണ ശാസ്ത്രസംഘം വ്യോമദൗത്യം നടത്തി. ഗവേഷണങ്ങളില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ ആശാവഹമാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞനായ റൊളോഫ് ബ്രൂണ്‍ജസ് പറഞ്ഞു. യുഎഇയില്‍ നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് മഴക്കാലം. മേയ് മുതല്‍ സെപ്റ്റംബര്‍ വരെ ചിലമേഖലകളില്‍ നേരിയതോതില്‍ മഴ ലഭിക്കാറുണ്ട്. ഈ സമയം പരമാവധി ഉപയോഗപ്പെടുത്തുകയാണു ലക്ഷ്യം

പരമ്പരാഗത രാസമിശ്രിതങ്ങളില്‍ അല്‍പം മാറ്റം വരുത്തിയാല്‍ മഴ ലഭ്യത കൂട്ടാമെന്നാണ് പുതിയ കണ്ടെത്തല്‍. പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ്, മഗ്‌നീഷ്യം, മറ്റു രാസഘടങ്ങള്‍ എന്നിവയുടെ പ്രത്യേക അനുപാതത്തിലുള്ള മിശ്രിതമാണ് വിതറുക. ക്ലൗഡ് സീഡിങ്ങിന്റെ നിലവിലുള്ള രീതി പരിഷ്‌കരിക്കാനും പദ്ധതിയുണ്ട്. വിമാനത്തിലെ സംഭരണിയില്‍ ഉന്നതമര്‍ദത്തില്‍ സൂക്ഷിക്കുന്ന രാസ മിശ്രിതങ്ങള്‍ മേഘങ്ങളില്‍ വിതറിയാല്‍ ഇതു പാഴാകാനുള്ള സാധ്യത കുറയുമെന്നും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ക്ലൗഡ് സീഡിങ്ങ് എന്ന് അറിയിപ്പെടുന്ന രീതിയുടെ പരിഷ്‌കരണമാണ് ശാസ്ത്ര സംഘം ഉദ്ദേശിക്കുന്നത്. മഴമേഘങ്ങളില്‍ നിന്നു പരമാവധി മഴ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടുണ്ട്. മേഘങ്ങള്‍ക്കു സ്വാഭാവികമായി നല്‍കാനാവുന്ന മഴയുടെ അളവ് കൂട്ടിക്കൊണ്ടുവരാന്‍ ക്ലൌഡ് സീഡിങ്ങിലൂടെ കഴിയുന്നു. സാധാരണ മഴമേഘത്തില്‍ നിന്ന് 40 മുതല്‍ 50% വരെ മഴ ലഭിക്കാമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. ക്ലൗഡ് സീഡിങ്ങിലൂടെ ഇതു 15 മുതല്‍ 30% വരെ വര്‍ധിപ്പിക്കാം. ക്ലൗഡ് സീഡിങ്ങിലൂടെ കഴിഞ്ഞദിവസങ്ങളില്‍ രാജ്യത്ത് മഴലഭ്യത 35% വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു

Related post