• June 19, 2021

റെയില്‍വേ മന്ത്രിയുടെ പ്രതികരണം പദവിക്ക് നിരക്കുന്നതല്ല: മുഖ്യമന്ത്രി

 റെയില്‍വേ മന്ത്രിയുടെ പ്രതികരണം പദവിക്ക് നിരക്കുന്നതല്ല: മുഖ്യമന്ത്രി

രാജ്യം നേരിടുന്ന പ്രശ്‌നങ്ങളുടെ ഗൗരവത്തിന്റെ നേരിയ അംശംപോലും റെയില്‍ മന്ത്രിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് അത്യന്തം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ പ്രതികരണം ആ പദവിക്ക് ചേര്‍ന്നതല്ല. ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ താനെന്ന് പിയൂഷ് ഗോയല്‍ അല്ല, സംസ്ഥാനത്തെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം അനാവശ്യ നിബന്ധനകള്‍ വച്ചതുകൊണ്ടാണ് ട്രെയിന്‍ റദ്ദാക്കിയെന്ന റെയില്‍വേ മന്ത്രിയുടെ ആരോപണത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുംബൈയില്‍ നിന്നും ആളുകള്‍ ഇങ്ങോട്ട് വരാൻ താല്പര്യം കാണിക്കുന്നത് സ്വാഭാവികമാണ്. വരുന്നവര്‍ക്കെല്ലാം സ്വാഗതമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പുറത്തു നിന്നുള്ള ലക്ഷക്കണക്കിന് ആളുകള്‍ ഒന്നിച്ചു വന്നാല്‍ ഇവിടുത്തെ ക്രമീകരണങ്ങളുടെ താളം തെറ്റും.

ട്രെയിനില്‍ വരുന്നവര്‍ സംസ്ഥാന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലേ വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യം ഉണ്ടോ എന്നതടക്കം പരിശോധിച്ച് ഉറപ്പാക്കാന്‍ പറ്റു. ഈ നിര്‍ദേശം പാലിക്കാതെ മുംബൈയില്‍ നിന്ന് ട്രെയിന്‍ വിട്ടു. ഈ അപകടം ഒഴിവാക്കാനാണ് റെയില്‍ മന്ത്രിക്ക് കത്തയച്ചത്. വരുന്നവര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ബുക്ക് ചെയ്യുന്ന യാത്രക്കാരുടെ വിവരം റെയില്‍വേ അറിയിക്കണമെന്നു മാത്രമാണ് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചത്. ഇത് റെയില്‍വേ മന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹം ശ്രദ്ധയോടെ നിര്‍വഹിക്കേണ്ട കാര്യമാണ്. എന്നാല്‍, ആ കത്ത് ലഭിച്ചശേഷം വീണ്ടും മറ്റൊരു ട്രെയിന്‍ അറിയിപ്പില്ലാതെ പുറപ്പെടാന്‍ തീരുമാനിച്ചത് ആശ്ചര്യകരമാണ്. കേരളത്തിലെ ജനങ്ങളെക്കുറിച്ചുള്ള ചിന്തയാണ് റെയില്‍ മന്ത്രിക്ക് കത്തയക്കാന്‍ ഇടയാക്കിയത്. ഇത്തരം നടപടി സംസ്ഥാനത്തിന്റെ ക്രമീകരണങ്ങളുടെ താളം തെറ്റിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും കത്തയച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

Related post