• June 24, 2021

കോവിഡിനെതിരായ യുദ്ധത്തില്‍ ഓരോരുത്തരും സ്വയം പടയാളികളാവണം: മുഖ്യമന്ത്രി

 കോവിഡിനെതിരായ യുദ്ധത്തില്‍ ഓരോരുത്തരും സ്വയം പടയാളികളാവണം: മുഖ്യമന്ത്രി

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് കൂടുതല്‍ കരുതല്‍ വേണ്ടതിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗികളുടെ എണ്ണം 100 കടന്നത് കൈവിട്ട നമ്പരല്ല. എന്നാല്‍, സ്ഥിതി ഗുരുതരമാണെന്ന സൂചനയാണ്. ആപത്തിന്റെ തോത് വര്‍ധിക്കുകയാണെന്ന് തിരിച്ചറിഞ്ഞു കോവിഡിനെതിരായ യുദ്ധത്തില്‍ ഓരോരുത്തരും സ്വയം പടയാളികളാവണം. ഗുരുതര രോഗം ബാധിക്കുന്നവര്‍ക്കുള്ള പ്രത്യേക പ്രോട്ടോകോള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കും. സമൂഹ വ്യാപനത്തിലേക്ക് എത്തിയിട്ടില്ല. എന്നാല്‍, ആ വിപത്തിന്റ വക്കില്‍ നില്‍ക്കുകയാണ്. ഒരു ഘട്ടത്തില്‍ സമൂഹ വ്യാപനം ഉണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത് തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന ഘട്ടത്തില്‍ തന്നെയാണ് ലോക്ക്ഡൗണില്‍ ഇളവുകളും വരുന്നത്.

ചാര്‍ട്ട് ചെയ്ത വിമാനങ്ങള്‍ വന്നാല്‍ ഈ മാസം ഒരു ലക്ഷത്തിലധികം പേര്‍ വിദേശത്തു നിന്നെത്തും. പൊതുഗതാഗതം പുനരാരംഭിക്കുന്നതോടെ എണ്ണം പിന്നെയും വര്‍ധിക്കും. എല്ലാവരെയും സുരക്ഷിതമായി സ്വാഗതം ചെയ്യണം. ആദ്യഘട്ടത്തില്‍ സമൂഹത്തിലാകെ ഉണ്ടായ ജാഗ്രതയും കരുതലും കുറഞ്ഞു പോകരുത്. ബോധവല്‍ക്കരണം ശക്തിപെടുത്തും. കോവിഡ് കുറച്ചുകാലം നമ്മുടെ ഒപ്പമുണ്ടാകും. എല്ലാകാര്യങ്ങളും ദീര്‍ഘ കാലത്തേക്ക് ഒഴിവാക്കാനാകില്ല. അതിനാല്‍ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ പൊതുവായി സംസ്ഥാനത്ത് നടപ്പാക്കും. ആരാധനാലയങ്ങളും റെസ്റ്റോറന്റ്കളും, മാളുകളും,ഹോട്ടലുകളും എട്ടിന് അണുവിമുക്തമാക്കിയ ശേഷം 9മുതല്‍ നിയന്ത്രണ വിധേയമായിപ്രവര്‍ത്തിപ്പിക്കാം. ശബരിമലയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വലിയ തോതില്‍ ആള്‍ക്കാര്‍ എത്തില്ല. അവര്‍ വരേണ്ടെന്ന നിലപാട് സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related post