• October 21, 2021

മധ്യപ്രദേശില്‍ കമൽ നാഥ് സർക്കാർ വീണു

 മധ്യപ്രദേശില്‍ കമൽ നാഥ് സർക്കാർ  വീണു

മധ്യപ്രദേശില്‍ കമൽ നാഥ് സർക്കാർ താഴെ വീണു. നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ നടത്തിയ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി​ കമൽനാഥ്​ രാജി പ്രഖ്യാപിച്ചത്.കമല്‍നാഥ് ഒരു മണിക്ക് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുമെന്നാണ് സൂചന.ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് കമല്‍നാഥ് രാജിക്കൊരുങ്ങുന്നത്.

15 മാസത്തെ ഭരണം കൊണ്ട്​ ജനങ്ങൾക്കായി കുറേ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. 20 ലക്ഷം കർഷകർക്ക്​ വായ്​പയിൽ ഇളവ്​ നൽകി. യുവാക്കൾക്ക്​ തൊഴിൽ നൽകാൻ പ്രത്യേക പദ്ധതി ആരംഭിച്ചു. വൈദ്യുതി നിരക്കിളവിൻെറ ആനുകൂല്യം ഒരു കോടി ആളുകൾക്ക്​ ലഭിച്ചുവെന്നും കമൽനാഥ്​ പറഞ്ഞു. സത്യം എന്നെങ്കിലും പുറത്തുവരും. ഞങ്ങളുടെ എംഎല്‌എമാരെ ബെംഗളൂരുവില്‍ തടങ്കലിലാക്കി. ഇതിന് പിന്നിലെ കാര്യങ്ങൾ ജനങ്ങൾ തിരിച്ചറിയും. സത്യം പുറത്തുവരുന്ന ആ നാൾ ജനങ്ങൾ ബിജെപിയോട് ക്ഷമിക്കില്ലെന്നും കമല്‍നാഥ് പറഞ്ഞു. സർക്കാർ അധികാരത്തിലെത്തിയ അന്ന് മുതൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം ബിജെപി ആരംഭിച്ചിരുന്നു.ഏത് വഴിയിലൂടെയും അധികാരം പിടിച്ചെടുക്കുക എന്നത് മാത്രമാണ് അവരുടെ രീതി. ജനാധിപത്യപരമായി പ്രവർത്തിക്കാൻ ബിജെപിക്ക് ഒരിക്കലും കഴിയില്ലെന്നും കമൽനാഥ്​ പറഞ്ഞു

ഇതോടെ സംസ്ഥാനം വീണ്ടും ബിജെപി ഭരണത്തിലേക്ക് പോകുമെന്ന് ഉറപ്പായി. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച്‌ 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. രാജിവെച്ച 22 എംഎല്‍എമാരില്‍ 16 പേരുടെ രാജി വ്യാഴാഴ്ച രാത്രി സ്പീക്കര്‍ എന്‍.പി. പ്രജാപതി സ്വീകരിച്ചിരുന്നു. ആറ് പേരുടെ രാജി നേരത്തേ സ്വീകരിച്ചതോടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 98 ആയി ചുരുങ്ങി. ബിജെപിക്ക് 107 അംഗങ്ങളാണുള്ളത്. ഇതോടെ മധ്യപ്രദേശും കാവി ഭരണത്തിലായി.

Related post