• May 15, 2021

സ്‌കൂള്‍- കോളേജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് നടപടി സ്വീകരിക്കും : മുഖ്യമന്ത്രി

 സ്‌കൂള്‍- കോളേജ്   അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന്  നടപടി സ്വീകരിക്കും  : മുഖ്യമന്ത്രി

രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളര്‍ത്തിയെടുക്കുന്നതിനായി സ്‌കൂള്‍- കോളേജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഭരണഘടനയും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും ഭീഷണി നേരിടുന്ന ഇക്കാലത്ത് ഭരണഘടന പഠനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന കലാലയ വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .

സംസ്ഥാനത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നേരിട്ടറിയാന്‍ യൂണിവേഴ്സിറ്റി- കോളെജ് വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളോട് നേരിട്ട് സംവദിക്കുന്നതിനായി കോഴിക്കോട് ഫാറൂഖ് കോളെജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് ലീഡേഴ്സ് കോണ്‍ക്ലേവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും, വിദ്യാര്‍ഥി യൂണിയനുകളില്‍ 50 ശതമാനം വനിതാ സംവരണം നടപ്പിലാക്കുമെന്നും ചര്‍ച്ചയില്‍ കൂട്ടിച്ചേര്‍ത്തു . കലാലയങ്ങളില്‍ ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ആരെയും തോല്‍പ്പിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഭാവിയില്‍ ഇന്റേണല്‍ മാര്‍ക്ക് തന്നെ ഒഴിവാക്കാന്‍ ഉദ്ദേശമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം പാര്‍ട്ട്ടൈം ജോലി ചെയ്യുന്നതിന് അവസരം ഉണ്ടാക്കാനുള്ള പദ്ധതിയും ആലോചനയിലുണ്ട്. . യൂണിവേഴ്സിറ്റി പരീക്ഷകള്‍ യഥാസമയം നടത്തുന്നതിന് നടപടി ആയിട്ടുണ്ട്. കാമ്പസുകള്‍ ലഹരി മുക്തമാക്കുന്നതിന് കൂട്ടായ പരിശ്രമം വേണം. ഇതിന് വിദ്യാര്‍ഥി യൂണിയനുകളുടെയും പി.ടി.എകളുടെയും ശക്തമായ പിന്തുണ ആവശ്യമാണ്. സംസ്ഥാനത്തിന്റെ വികസന നയം രൂപീകരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കോഴിക്കോട് ഫാറൂഖ് കോളെജ് ഓഡിറ്റോറിയത്തില്‍ രണ്ടാം സ്റ്റുഡന്റ് ലീഡേഴ്സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.

Related post