• October 21, 2021

കൊവിഡ് 19: തമിഴ്‌നാട്ടിലും ആന്ധ്രയിലും രോഗബാധിതരില്‍ വര്‍ധനവ്

 കൊവിഡ് 19: തമിഴ്‌നാട്ടിലും ആന്ധ്രയിലും രോഗബാധിതരില്‍ വര്‍ധനവ്

തമിഴ്‌നാട്ടില്‍ ഇന്നലെ 86 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മരണസംഖ്യ അഞ്ചായി. ആന്ധ്ര പ്രദേശില്‍ 60 പേര്‍ക്കും തെലങ്കാനയില്‍ 62 പേര്‍ക്കും കര്‍ണാടകയില്‍ ഏഴ് പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ച 86 ല്‍ 85 പേരും നിസാമുദ്ദീന്നില്‍ നിന്ന് തിരിച്ചെത്തിയവരാണ്. രോഗബാധിതരുടെ എണ്ണം 571 ആയി. ഇതില്‍ 508 പേരും ഡല്‍ഹിയില്‍ നിന്ന് തിരികെ എത്തിയവരാണ്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച രാമനാഥപുരം സ്വദേശിയുടെ സംസ്‌കാര ചടങ്ങില്‍ അന്‍പതോളം പേര്‍ പങ്കെടുത്തതായി സൂചനയുണ്ട്. പ്രൊട്ടോക്കോള്‍ ലംഘിച്ചാണ് മൃതദേഹം വിട്ടുകൊടുത്തതെന്നും ആരോപണമുയര്‍ന്നു കഴിഞ്ഞു. തമിഴ്‌നാട്ടില്‍ രണ്ട് ദിവസത്തിനിടെ നാലു പേരാണ് മരിച്ചത്. ആന്ധ്ര പ്രദേശില്‍ ഇന്നലെ 60 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 252 ആയി.

തെലങ്കാനയില്‍ 62 പേര്‍ക്കാണ് ഇന്നലെ രോഗം കണ്ടെത്തിയത്. ആകെ രോഗബാധിതര്‍ 334 ആയി. ഇതില്‍ 32 പേര്‍ ആശുപത്രി വിട്ടു. 11 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

കര്‍ണാടകയില്‍ ഇന്നലെ ഏഴ് പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 151 പേരാണ് സംസ്ഥാനത്തെ രോഗബാധിതര്‍. രോഗം കണ്ടെത്തിയതില്‍ അഞ്ച് പേര്‍ നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയവരാണ്. നാലാണ് മരണസംഖ്യ. പുതുച്ചേരിയില്‍ ഇതുവരെ അഞ്ച്‌പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Related post