• July 28, 2021

കൊറോണ വെെറസ് മരണം 492 ആയി, 24,324 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

 കൊറോണ വെെറസ് മരണം 492 ആയി,  24,324 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊറോണ വെെറസ് ബാധയിൽ മരണ സംഖ്യ 492 ആയി. 26 രാജ്യങ്ങളിലായി 24,324 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ ചികിത്സയിലുള്ളവരില്‍ 771 പേരുടെ നില അതീവ ഗുരുതരമാണ്. ചൈനയില്‍ പുതുതായി 3150 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചൈനക്ക് പുറത്ത് ഫിലിപ്പിയന്‍സിലും ഹോങ്കോങ്ങിലുമായി രണ്ടു പേര്‍ മരിച്ചു.

ചൈനയുമായുള്ള അതിർത്തിയിലെ 13 പാതകളിൽ 10 ഉം ഹോങ്കോങ് അടച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ചൈന സന്ദർശിച്ചവർക്ക് അമേരിക്ക വിസ നിഷേധിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ചൈന രംഗത്തെത്തി. അമേരിക്ക ആശങ്ക പടർത്തുകയാണെന്ന് ചൈന ആരോപിച്ചു. ആഗോള തലത്തിൽ വ്യാജ വാർത്തകൾ തടയാൻ ലോകാരോഗ്യ സംഘടന അടിയന്തര നടപടിയെടുത്തു. കോറോണ വൈറസിനെക്കുറിച്ച് അന്വേഷിക്കുന്നവർക്ക് ലോകാരോഗ്യ സംഘടന നൽകുന്ന വിവരങ്ങൾ തന്നെ ആദ്യം കിട്ടാൻ ഗൂഗിളുമായി ധാരണയായി. വിവിധ സമൂഹമാധ്യമങ്ങളും ആപ്പുകളും വ്യാജ വാർത്തകൾ തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

കേരളത്തില്‍ ഇതുവരെ മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്നു പേരുടെയും ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേതുടര്‍ന്ന്, സംസ്ഥാനത്ത് കൊറോണയ്‌ക്കെതിരെ ജാഗ്രത തുടരുകയാണ്. ആശുപത്രികളില്‍ ആകെ 100 പേരും വീടുകളില്‍ 2421 പേരും നിരീക്ഷണത്തിലാണ്.

Related post